കല്യോട് (കാഞ്ഞങ്ങാട്):‘ഈ പിഞ്ചുമക്കളെ എങ്ങനെ നിങ്ങൾക്ക് ഇല്ലാതാക്കാൻ കഴിഞ്ഞു? ഏത് കൊടിയുടെ നിറമായാലും ചോരയ്ക്ക് നിറം ഒന്നുതന്നെയല്ലേ...’ -മഹിളാകോൺഗ്രസ് കാസർകോട് ജില്ലാപ്രസിഡന്റ് ശാന്തമ്മ ഫിലിപ്പിന്റെ സ്വാഗതപ്രസംഗം മുതൽക്കേ സദസ്സ് നിശ്ശബ്ദമായി. പിന്നീട്, നിറകണ്ണുകളോടെ സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷിന്റെ അധ്യക്ഷപ്രസംഗം. ‘ആ വിശുദ്ധമാം മുഗ്‌ധപുഷ്പത്തെക്കണ്ടില്ലെങ്കിൽ ആ വിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കിൽ...’ എന്ന കവിതാശകലമാലപിച്ച് അവർ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും ജീവിതമുഹൂർത്തങ്ങൾ പങ്കുവെച്ചപ്പോൾ കല്യോട്ടെ അമ്മ-പെങ്ങന്മാരുടെ സംഗമവേദി ദുഃഖസാന്ദ്രമായി.

രണ്ട്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തിക്കിരയായതിൽ പ്രതിഷേധിച്ച്, മഹിളാകോൺഗ്രസ് സംസ്ഥാനകമ്മിറ്റിയാണ് വനിതാസംഗമം സംഘടിപ്പിച്ചത്. കൊല്ലപ്പെട്ട ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ഒട്ടേറെപ്പേർ സംഗമത്തിനെത്തി.

ദേശീയ സെക്രട്ടറി ചമൻ ഫർസാന ഉദ്ഘാടനംചെയ്തു. കോൺഗ്രസ് ആശയം മുറുകെപ്പിടിച്ചതിനാണ് രണ്ടുചെറുപ്പക്കാരുടെ ജീവനെടുത്തതെന്നും കൊലനടത്തുന്നവരെ ഒറ്റക്കെട്ടായി എതിർക്കാനുള്ള മനസ്സ് കേരളം ആർജിക്കണമെന്നും അവർ പറഞ്ഞു. ഭരണകൂട ഭീകരതയാണ് ഇവിടെ നടക്കുന്നതെന്നും ഇരട്ടച്ചങ്കല്ല, സ്നേഹിക്കാനാകുന്ന ഹൃദയമാണ് ഭരണാധികാരികൾക്ക് വേണ്ടതെന്നും കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

തുടർന്ന്, പ്രസംഗങ്ങൾക്ക് ഇടവേളനൽകി വീഡിയോ പ്രദർശനം. ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കലാജീവിതത്തെ ഒപ്പിയെടുത്ത ദൃശ്യങ്ങളിലലിഞ്ഞ് സദസ്സ്. തേങ്ങിയും വിതുമ്പിയും അവർ വീഡിയോ കണ്ടിരിക്കെ, വേദിയിൽ മറ്റൊരു കണ്ണീർക്കാഴ്ച. ശരത്തിന്റെയും കൃപേഷിന്റെയും മാതാപിതാക്കളെയും സഹോദരിമാരെയും താങ്ങിപ്പിടിച്ച് കൊണ്ടുവരുന്നു.

സങ്കടത്തോടെയാണ് ഇവരെ കൂട്ടിക്കൊണ്ടുവന്നതെന്നും ഇവരുടെ തോരാത്ത കണ്ണീരിൽ കുതിർന്ന് കൊലക്കത്തികൾ ദ്രവിച്ചുപോകട്ടെയെന്നും ശരത്ത് ലാലിന്റെ ബന്ധുവും കോൺഗ്രസ് നേതാവുമായ അഡ്വ. എം.കെ. ബാബുരാജ് പറഞ്ഞു.

മക്കൾക്ക് നീതികിട്ടാനുള്ള പോരാട്ടത്തിൽ അണിചേർന്ന അമ്മമനസ്സുകൾക്ക് നന്ദിപറഞ്ഞ് കുടുംബാംഗങ്ങൾ വേദിവിട്ടുപോകുമ്പോൾ, ഇപ്പുറത്ത് റോഡിൽ മേളപ്പെരുക്കം. വാദ്യകലാകാരന്മാർകൂടിയായിരുന്ന ശരത്തിന്റെയും കൃപേഷിന്റെയും ചെണ്ടകൾക്കുമുന്നിൽ ഇരുവരുടെയും ഫോട്ടോ മാലചാർത്തിവെച്ചിരുന്നു. പിന്നിൽ സങ്കടത്തോടെ കല്യോട്ടെ വാദ്യകലാസംഘം കൊട്ടിക്കയറി. വേദിക്കരികെയുള്ള സ്‌ക്രീനിൽ ശരത്ത്‌ലാലും കൃപേഷും കൊട്ടിക്കയറുന്ന വീഡിയോ ദൃശ്യം.

കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ആത്മാവിന് അശ്രുപൂക്കളർപ്പിച്ച് വികാരനിർഭരമായി വേദിയിൽനിന്നവർ വിടവാങ്ങി; ആർദ്രമായ മനസ്സും ആളിക്കത്തുന്ന പ്രതിഷേധവുമായി.

content highlights: periya youth congress workers murder