കാഞ്ഞങ്ങാട്: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊന്ന കേസിൽ സി.പി.എം. ഏരിയാ-ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ അറസ്റ്റിൽ.

ഉദുമ ഏരിയാസെക്രട്ടറി പനയാൽ വെളുത്തോളിയിലെ കെ. മണികണ്ഠൻ (39), പെരിയ ലോക്കൽ സെക്രട്ടറി ഹരിപുരം കുറ്റിയടുക്കത്തെ എൻ. ബാലകൃഷ്ണൻ (65) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പി.എം. പ്രദീപ് അറസ്റ്റുചെയ്തത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ. വിദ്യാധരൻ ജാമ്യം അനുവദിച്ചു.

കൊലയാളികൾക്ക് ഒളിക്കാനുള്ള ഇടം ഒരുക്കിക്കൊടുത്തെന്നും തെളിവ് നശിപ്പിച്ചെന്നുമാണ് ഇരുവരുടെയും പേരിലുള്ള കുറ്റം. ഫെബ്രുവരി 17-ന് രാത്രി ഏഴരയോടെയാണ് കൃപേഷും ശരത്തും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ കൊല നടത്തിയശേഷം ഒന്നാംപ്രതി പീതാംബരനുൾപ്പെടെയുള്ളവർക്ക് ചട്ടഞ്ചാലിലുള്ള സി.പി.എമ്മിന്റെ ഉദുമ ഏരിയാകമ്മിറ്റി ഓഫീസിൽ താമസിക്കാൻ സൗകര്യം നൽകിയെന്നാണ് മണികണ്ഠന്റെ പേരിലുള്ള കുറ്റം.

അഭിഭാഷകനുമായി ഫോണിൽ സംസാരിച്ച് നിയമോപദേശം തേടി. കേസിൽ ഉൾപ്പെട്ട പ്രതികളുടെ രക്തംപുരണ്ട വസ്ത്രങ്ങൾ മാറ്റാൻ സഹായം ചെയ്തുകൊടുത്തു. പ്രതികൾ അഴിച്ചിട്ട വസ്ത്രങ്ങൾ കത്തിച്ചുകളയാൻ മണികണ്ഠനും ബാലകൃഷ്ണനും നിർദേശം നൽകിയെന്നും അന്വേഷണസംഘം പറയുന്നു. ബാലകൃഷ്ണൻ 13-ാം പ്രതിയും മണികണ്ഠൻ 14-ാം പ്രതിയുമാണ്.

content highlights: Periya double murder: Two CPM leaders arrested