കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ അന്വേഷണം സി.ബി.ഐ.യ്ക്കു വിട്ടതിനെതിരേ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

കുറ്റപത്രം റദ്ദാക്കി അന്വേഷണം സി.ബി.ഐ.യ്ക്കു വിട്ട സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയത്. 2019 ഫെബ്രുവരി 17-ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ട കേസിലായിരുന്നു കോടതിയുടെ നടപടി. അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നാരോപിച്ച് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളാണ് ഹർജി നൽകിയത്. ഇതേത്തുടർന്ന് ജസ്റ്റിസ് ബി. സുധീന്ദ്രകുമാറാണ് അന്വേഷണം സി.ബി.ഐ.യ്ക്ക്‌ കൈമാറാൻ നിർദേശിച്ചത്. പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി കുറ്റപത്രം റദ്ദാക്കിയിരുന്നു.

വിധി നിയമപരമായി നിലനിൽക്കില്ലെന്ന് സർക്കാർ

അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധി നിയമപരമായി നിലനിൽക്കില്ലെന്നാണ് സർക്കാർ അപ്പീലിൽ വ്യക്തമാക്കിയത്. പോലീസിനെതിരേ കോടതി നടത്തിയ വിമർശനങ്ങളും നിരീക്ഷണങ്ങളും പോലീസ് സേനയുടെ ആത്മവീര്യം കെടുത്തും. വിശ്വാസ്യത ചോദ്യംചെയ്യും. അന്വേഷണ സംഘത്തിലുണ്ടായിരുന്നവർ ഇൗ മേഖലയിൽ കഴിവുതെളിയിച്ചവരാണ്.

ഭരണകക്ഷിയായ പാർട്ടിയിലെ അംഗങ്ങളാണ് പ്രതികളെന്നതിനാൽ അന്വേഷണം ശരിയായി നടന്നില്ലെന്ന് പറയാനാകില്ല. അങ്ങനെയാണെങ്കിൽ പാർട്ടിയംഗങ്ങൾ പ്രതികളായ കേസുകളൊക്കെ സി.ബി.ഐ. അന്വേഷിക്കേണ്ടിവരും. അന്വേഷണ ഏജൻസി അധികാരദുർവിനിയോഗമോ നിയമലംഘനമോ നടത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ അത്തരം കേസുകളിൽ അന്വേഷണം സി.ബി.ഐ.യ്ക്കു കൈമാറാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പെരിയ കേസിൽ അന്വേഷണസംഘം സ്വാധീനിക്കപ്പെട്ടതായി കോടതി കണ്ടെത്തിയിട്ടില്ല.

കേസ് ഡയറി പരിശോധിക്കാതെ ഹർജിക്കാരുടെ വാദങ്ങൾ മാത്രം പരിഗണിച്ചാണ് കോടതിവിധി. കുറ്റപത്രം റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും കുറ്റപത്രം റദ്ദാക്കിയെന്നും അപ്പീലിൽ പറയുന്നു.

content highlights: Periya double murder case: Govt files appeal in HC against CBI inquiry