കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ.യുടെ വിമർശം. കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്ന് സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. പലവട്ടം ആവശ്യപ്പെട്ടിട്ടും കേസ് ഡയറി നൽകാത്തത് അന്വേഷണത്തെ ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ നൽകിയ ഹർജിപ്രകാരമാണ് കോടതി സി.ബി.ഐ.യോട് റിപ്പോർട്ട് ആരാഞ്ഞത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. അന്വേഷണത്തിന്റെ തത്‌സ്ഥിതി അറിയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബറിൽ കേസിന്റെ അന്വേഷണം ഏറ്റെടുത്തെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ട്. ആവശ്യപ്പെട്ട രേഖകളിൽ ബേക്കൽ പോലീസ് കോടതിയിൽ നൽകിയതു മാത്രമാണ് സി.ബി.ഐ.ക്കു കിട്ടിയത്. ക്രൈംബ്രാഞ്ചിന്റെ നിഷേധാത്മക നിലപാടുമൂലം അന്വേഷണത്തിൽ ഏറെ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.ഐ. പറയുന്നു.
സർക്കാരിന്റെ താത്പര്യപ്രകാരമാണ് ക്രൈംബ്രാഞ്ച് നടപടി വൈകിപ്പിക്കുന്നതെന്നാണ് സി.ബി.ഐ.യുടെ വിലയിരുത്തൽ. അന്വേഷണം സി.ബി.ഐ.ക്കു വിടുന്നതിൽ സംസ്ഥാനസർക്കാരിന് എതിർപ്പുണ്ടായിരുന്നു. ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്ക് ഇതുമൂലമാണെന്നും ശരത്‌ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കളും കരുതുന്നു.
content highlights; periya double murder case, CBI says crime branch is not cooperating