കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും മന്ത്രി എം.വി. ഗോവിന്ദന്റെ പേഴ്‌സണൽ സ്റ്റാഫുമായ വി.പി.പി. മുസ്തഫയെ സി.ബി.ഐ. ചോദ്യംചെയ്തു. കാസർകോട്ടെ സി.ബി.ഐ. ക്യാമ്പ് ഓഫീസിൽ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലെ 154-ാം സാക്ഷിയാണ് മുസ്തഫ.

ക്രൈംബ്രാഞ്ച് സാക്ഷികളായി ചേർത്തവരെ മുഴുവൻ സി.ബി.ഐ. ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മുസ്തഫയെയും വിളിച്ചുവരുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2019 ജനുവരി ഏഴിന് കല്യോട്ട് നടന്ന സി.പി.എം. പൊതുയോഗത്തിൽ മുസ്തഫ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതാണ് ഇദ്ദേഹത്തെ സാക്ഷിപ്പട്ടികയിലേക്കെത്തിച്ചത്. അന്ന് ജില്ലാ പഞ്ചായത്ത് അംഗം കൂടിയായിരുന്നു മുസ്തഫ. ഈ പ്രസംഗം കഴിഞ്ഞ് ഒന്നരമാസത്തിനുശേഷമാണ് ഇരട്ടക്കൊല നടന്നത്.

കേസിലെ ഒന്നാം പ്രതി സി.പി.എം. മുൻ ലോക്കൽ കമ്മിറ്റിയംഗം പീതാംബരനെയും മറ്റും 2019 ജനുവരി അഞ്ചിന് ഒരുസംഘം മർദിച്ചിരുന്നു. ഈ സംഭവത്തിൽ ശരത്‌ലാലിനും കൃപേഷിനും എതിരേ പോലീസ് കേസെടുത്തിരുന്നു. സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് കൃപേഷിനെ പിന്നീട് കേസിൽനിന്നൊഴിവാക്കി. അന്ന് സി.പി.എം. പ്രവർത്തകർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ചാണ് ജനുവരി ഏഴിന് സി.പി.എം. പെരിയ ലോക്കൽ കമ്മിറ്റി പൊതുയോഗം നടത്തിയത്.