കാഞ്ഞങ്ങാട്: പോലീസിന്റെ എഫ്.ഐ.ആറിലും ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലും പറഞ്ഞതു പ്രകാരം പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകം പുനരാവിഷ്കരിച്ച് സി.ബി.ഐ. ചൊവ്വാഴ്ച രാവിലെ കല്യോട്ടെത്തിയ അന്വേഷണസംഘം ശരത്‌ലാലും കൃപേഷും ബൈക്കിൽ വരുന്നതും എട്ടംഗസംഘം ഇവരെ അടിച്ചുവീഴ്ത്തി വെട്ടുന്നതുമാണ് പുനരാവിഷ്കരിച്ചത്. സി.ബി.ഐ.യുടെ തിരുവനന്തപുരം യൂണിറ്റ് എസ്.പി. നന്ദകുമാർ നായർ, ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ 14 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇരുവരും വെട്ടേറ്റുകിടന്ന കല്യോട്ട്-താനിത്തോട്-കൂരാങ്കര റോഡിലും തൊട്ടടുത്ത പറമ്പിലുമെല്ലാം മണിക്കൂറുകളോളം പരിശോധിച്ച് തെളിവെടുത്തു.

ക്രൈംബ്രാഞ്ചിന്റെ കേസ് ഡയറിയിലുള്ളതുപോലെയാണ് ആദ്യദിവസത്തെ അന്വേഷണം. ഓരോ സാക്ഷിയുടെയും മൊഴിയിലുള്ള സ്ഥലത്ത് കൊണ്ടുവന്നാണ് മൊഴിയെടുത്തത്. ഓരോ സാക്ഷിയുടെയും മൊഴി മുറിയുന്നിടത്ത് അടുത്ത സാക്ഷിയെ കൊണ്ടുവന്ന് പറയിപ്പിച്ചു. സംഭവസ്ഥലത്തു വെച്ചുതന്നെ സാക്ഷികൾ കാര്യങ്ങൾ വിശദീകരിച്ചതിനാൽ പ്രദേശത്തെക്കുറിച്ചുള്ള രൂപരേഖയും അന്വേഷണ ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ തിരിച്ചറിയാനായി.