കാഞ്ഞങ്ങാട്: കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സക്ഷികളുടെ മൊഴി അതി രഹസ്യമായിരിക്കണമെന്ന് ക്രൈംബ്രാഞ്ച്. ഈ മൊഴി എന്താണെന്നും ആരൊക്കെയാണ് ഇവരെന്നും പുറംലോകം അറിഞ്ഞുകൂടെന്നും വിവരം പുറത്തായാൽ രണ്ടുപേരുടേയും ജീവന് ഭീഷണിയുണ്ടാകുമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് പ്രത്യേക അപേക്ഷ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പി.എം.പ്രദീപ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കുറ്റപത്രം സമർപ്പിക്കുമ്പോൾ അതി രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ ഇതിലുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതി ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. അതിനാൽ കുറ്റപത്രത്തിന്റെ ഉള്ളടക്കമെന്തെന്ന് പ്രതിഭാഗം അഭിഭാഷകരോടുപോലും വെളിപ്പെടുത്തിയില്ല. ക്രൈംബ്രാഞ്ചിന്റെ ഹർജി പരിഗണിച്ച് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ഈ വിഷയത്തിൽ മാത്രം വാദം കേൾക്കും. ക്രൈംബ്രാഞ്ച് പറഞ്ഞ രണ്ട് സാക്ഷികളുടെയും മൊഴി പുറത്തുപോകരുതെന്ന് കോടതിക്കുകൂടി ബോധ്യപ്പെട്ടാൽ ഈ മൊഴികൾ കുറ്റപത്രത്തിൽനിന്ന് മാറ്റിയ ശേഷമേ പകർപ്പുകൾ മറ്റുള്ളവർക്ക് കൊടുക്കുകയുള്ളൂ.
ആയിരംപേജുള്ള കുറ്റപത്രം 14 പ്രതികൾക്കും നൽകണം. ഈ പകർപ്പുകളും കുറ്റപത്രത്തോടൊപ്പം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത്രയധികം പേജുകളുള്ളതിനാൽ മൂന്നുദിവസത്തെ പരിശോധനയെന്ന സാധാരണ നടപടിക്രമം പാലിക്കാൻ കോടതിജീവനക്കാർക്ക് കഴിഞ്ഞില്ല. പരിശോധന അഞ്ചുദിവസം നീണ്ടു. ന്യൂനതകളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതോടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) ആർ.എം.സൽമ കുറ്റപത്രം ഫയലിൽ സ്വീകരിച്ചു.
പ്രതികളെ കോടതിയിലെത്തിച്ച് കുറ്റപത്രം നൽകുന്നതാണ് തുടർനടപടി. അതിനുശേഷം കേസ് ജില്ലാ സെഷൻസ് കോടതിക്ക് കൈമാറും. ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. ഫെബ്രുവരി 17-നാണ് ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. 14 പ്രതികളാണ് കേസിൽ അറസ്റ്റിലായത്. 299 സക്ഷികളാണുള്ളത്. 125-ലേറെ തൊണ്ടിമുതലുകളുടെ വിവരങ്ങളും കുറ്റപത്രത്തിലുണ്ട്.
Content Highlights: Periya double murder