കാഞ്ഞങ്ങാട്: കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഹൊസ്ദുർഗ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

റിപ്പോർട്ടിന്റെ സാരാംശം

17-ന് രാത്രി 7.45. പെരിയ ഗ്രാമത്തിൽ കല്ല്യോട്ട് കണ്ണാടിപ്പാറയിൽ തന്നിത്തോട് ഭാഗത്തേക്ക് കിഴക്കുപടിഞ്ഞാറായിപ്പോകുന്ന റോഡിനു സമീപത്തുള്ള സ്ഥലം.

സി.പി.എം. പ്രവർത്തകനായ ഒന്നാം പ്രതി പീതാംബരനും മറ്റു പ്രതികളും വാൾ, ഇരുമ്പുദണ്ഡുകൾ എന്നിവയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത്‌ലാലിനെയും കൃപേഷിനെയും വധിക്കണമെന്ന ഉദ്ദേശ്യത്തോടെ സംഘമായെത്തി. ശരത്ത്‌ലാലും സുഹൃത്തുക്കളും അടിച്ചുപരിക്കേൽപ്പിച്ചതിലുള്ള വിരോധവും രാഷ്ട്രീയ വിരോധവും ഒന്നാം പ്രതിക്കുണ്ട്.

കെ.എൽ. 60-ജി 7337 നമ്പർ ബജാജ് പൾസർ ബൈക്കിൽ വരികയായിരുന്നു ശരത്ത്‌ലാലും കൃപേഷും. ഈ ബൈക്ക് തടഞ്ഞുനിർത്തി വാളുകൊണ്ടും ഇരുമ്പുപൈപ്പുകൾകൊണ്ടും അടിച്ചും വെട്ടിയും മാരകമായി പരിക്കേൽപ്പിച്ച് ഇരുവരെയും കൊലപ്പെടുത്തിയതായി വ്യക്തമായിട്ടുണ്ട്. അന്വേഷണമധ്യേ കുറ്റകൃത്യത്തിലുൾപ്പെട്ടിട്ടുള്ള പ്രതി പീതാംബരൻ എന്നയാളെ 19-ന് പിടികൂടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു.

സാക്ഷികളുടെ സാന്നിധ്യത്തിൽ അറസ്റ്റു രേഖപ്പെടുത്തി. പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചിട്ടുണ്ടെന്നു ബോധ്യപ്പെട്ടു. തുടർന്ന് പ്രതിയെയും കൂട്ടി തെളിവെടുപ്പു നടത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെ കല്ല്യോട്ട്-താന്നിത്തോട് ഭാഗത്തെ പ്ലാക്കാതൊട്ടി എന്ന സ്ഥലത്തെത്തി. ഇവിടെ ഗംഗാധരൻ എന്നയാളുടെ റബ്ബർത്തോട്ടത്തിലെ പൊട്ടക്കിണർ പ്രതി ചൂണ്ടിക്കാണിച്ചു. തുടർന്ന് പൊട്ടക്കിണറിലിറങ്ങി പരിശോധിച്ചു. രക്തക്കറകളുള്ള നാല് ഇരുമ്പുദണ്ഡുകളും പിടിയില്ലാത്ത ഒരു വടിവാളും കണ്ടെത്തി.