peethambaranപെരിയ (കാസർകോട്): പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി, അറസ്റ്റിലായ ലോക്കൽ കമ്മിറ്റിയംഗം പീതാംബരന്റെ കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും കൊന്നത് പാർട്ടി അറിഞ്ഞിട്ടുതന്നെയാകുമെന്ന് പീതാംബരന്റെ ഭാര്യ മഞ്ജു മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടിക്കുവേണ്ടിനിന്നിട്ട് ഇപ്പോൾ പുറത്താക്കിയെന്ന് മകൾ ദേവികയും ആരോപിച്ചു.

കൊലപാതകം ആസുത്രണം ചെയ്തതിന്റെ പേരിൽ പീതാംബരനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. തുടർന്ന് പാർട്ടി ഇയാളെ പുറത്താക്കി. ഇതിനിടെയാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. ഇതോടെ സംഭവത്തിൽ സി.പി.എമ്മിന്റെ പങ്ക് കൂടുതൽ വ്യക്തമായെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി. സംഭവം ഒതുക്കാനുള്ള സി.പി.എം. ശ്രമത്തിന് വലിയ തിരിച്ചടിയാണ് വെളിപ്പെടുത്തലെന്ന് പെരിയയിലെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു.

പീതാംബരന് സ്വന്തംനിലയ്ക്ക് കൊല നടത്താൻ സാധിക്കില്ലെന്ന് ഭാര്യ മഞ്ജു പറയുന്നു. ‘പാർട്ടി പറഞ്ഞാൽ എന്തും അനുസരിക്കുന്ന ആളാണ്. സംഭവശേഷം പാർട്ടിക്കാരാരും വന്നിട്ടുമില്ലാ, ഒരുകാര്യവും പറഞ്ഞിട്ടുമില്ല. പീതാംബരേട്ടന് അടികിട്ടിയ സമയത്ത് എല്ലാരും കാണാൻ വന്നു. ഒരു കാരണവശാലും സ്വയം ചെയ്യില്ല. പീതാംബരേട്ടൻ ഒരാളെയും ഒരിക്കൽ പോലും അടിക്കുന്നത് നമ്മൾ കണ്ടിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വീടിനുനേരെ ആക്രമം നടന്നപ്പോൾ ഒരാളും തിരിഞ്ഞുനോക്കീട്ടില്ല’-മഞ്ജു പറഞ്ഞു.

“പാർട്ടിക്കുവേണ്ടി മരിക്കാൻപോലും തയ്യാറുള്ളയാളാണ്. അച്ഛൻ കുറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അത് ഞാനായാലും അമ്മയായാലും...’’-ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ദേവിക ചാനൽക്യാമറകൾക്കുമുന്നിൽ തുറന്നുപറഞ്ഞു.

മുഴുവൻ കുറ്റവും പാർട്ടിക്കാണെന്നും ദേവിക പറഞ്ഞു. ‘പാർട്ടിക്ക് വേണ്ടീട്ട് ഇതുചെയ്തിട്ട് അവര് കൈയൂരുന്നു. പാർട്ടിക്ക് എന്തെങ്കിലും മോശുണ്ടാകൂന്ന് വിചാരിച്ചിട്ടാണ് പാർട്ടി തള്ളിപ്പറയുന്നത്. തിരഞ്ഞെടുപ്പ് സമയമല്ലേ വരുന്നത്. അതുകൊണ്ട് പാർട്ടിക്ക് ദോഷമില്ലാതെ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്ന്’-ദേവിക ആരോപിച്ചു.

പാർട്ടിക്ക് ഒന്നും പറ്റിപ്പോകേണ്ടെന്ന് വിചാരിച്ച് മകൻ കുറ്റം സമ്മതിച്ചുവെന്നേയുള്ളൂവെന്ന് അമ്മ തമ്പായിയും പറയുന്നു. “ഓൻ കുറ്റം ചെയ്യില്ല മക്കളെ. ഓനെക്കൊണ്ട് ചെയ്യാനാകുമെന്ന് ഒരാളും പറയില്ല. കഴിഞ്ഞദെവസം ഓന്റെ കൈ ഒടിഞ്ഞ് തൂങ്ങുന്നുണ്ടായിരുന്നു. ആ കൈയുംകൊണ്ട് ഓന് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുമോ”-തമ്പായി ചോദിച്ചു.

മാധ്യമങ്ങളിൽ ഈ വെളിപ്പെടുത്തൽ വന്നതിനെത്തുടർന്ന് കുടുംബം കടുത്ത സമ്മർദത്തിലായി. കൂടുതൽ വിവരം തിരക്കിയെത്തിയ മാധ്യമപ്രവർത്തകരോട് ‘കൂടുതലൊന്നും പറയാനില്ല, അവർ (ചാനലുകാർ) ചോദിച്ചപ്പോൾ ഉള്ള സത്യം പറഞ്ഞുവെന്നേ ഉള്ളൂ’ എന്നായിരുന്നു പ്രതികരണം. കൂടുതൽ ഉപദ്രവിക്കരുതെന്നും അവർ അഭ്യർഥിച്ചു.

content highlights: periya double murder, peethambran family, cpim,kasargod