പെരിയ: ജില്ലയിലുണ്ടായിട്ടും മുഖ്യമന്ത്രി വീട്ടിൽ വരാത്തതിൽ നിരാശരായി പെരിയ കല്യോട്ട് കൊലചെയ്യപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബാംഗങ്ങൾ. മുഖ്യമന്ത്രിയെ കാത്തിരിക്കുകയായിരുന്നെന്നും നേരിട്ട്‌ പരാതിപറയാനുള്ള അവസരം നഷ്ടമായെന്നും കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു.

മുഖ്യമന്ത്രി ചിലപ്പോൾ വരുമെന്ന് ആരോ പറയുന്നത് കേട്ടെന്ന് ശരത്ത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു. വരുന്നതിൽ തെറ്റില്ല. കാരണം, നമ്മുടെ മുഖ്യമന്ത്രിയല്ലേ. വരണ്ടതല്ലേ. അതിൽ നമുക്കൊന്നും ചോദ്യംചെയ്യേണ്ടതില്ലല്ലോ. സാധാരണ നാട്ടിൽ നടക്കുന്നതല്ലേയെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം സി.പി.എം. നേതൃത്വം ജില്ലാ കോൺഗ്രസ് നേതൃത്വവുമായി ഇക്കാര്യം സംസാരിച്ചിരുന്നതായും വാർത്ത പ്രചരിച്ചു. എന്നാൽ, കോൺഗ്രസ് നേതൃത്വവുമായി ആരും ബന്ധപ്പെട്ടിരുന്നില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിൽ പറഞ്ഞു.