പെരിന്തല്‍മണ്ണ: ശബരിമലദർശനം നടത്തിയ കനകദുര്‍ഗ വീണ്ടും അങ്ങാടിപ്പുറത്തെ വീട്ടിലെത്തി. തിങ്കളാഴ്ച രാത്രിയെത്തിയ കനകദുർഗയെ വീട്ടില്‍ കയറ്റുന്നത് ഭര്‍ത്താവ് കൃഷ്ണനുണ്ണി എതിര്‍ത്തു. രാത്രി ഏഴോടെ ഇവരെ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെത്തിച്ചു. സി.ഐ. ടി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍ കൃഷ്ണനുണ്ണിയും കനകദുർഗയുമായി ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. തുടർന്ന് അതിക്രമത്തിനിരയാവുന്ന വനിതകള്‍ക്ക് താത്കാലിക സംരക്ഷണവും നിയമസഹായവും നല്‍കുന്ന പെരിന്തൽമണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് രാത്രി പത്തരയോടെ മാറ്റി.

വനിതാ എസ്.ഐയുടെ നേതൃത്വത്തില്‍ സുരക്ഷയും ഏര്‍പ്പെടുത്തി. കൃഷ്ണനുണ്ണിയും അമ്മയും കഴിഞ്ഞദിവസം ഇവരുടെ വീടിന് അടുത്തായുള്ള മറ്റൊരുവീട്ടിലേക്ക് താമസംമാറ്റിയതായി പറയുന്നു. ശബരിമലദര്‍ശനത്തിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ച അങ്ങാടിപ്പുറത്തെ വീട്ടിലെത്തിയ കനകദുര്‍ഗയെ മര്‍ദനത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.