പെരിന്തല്‍മണ്ണ: യു.ഡി.എഫ്. പെരിന്തല്‍മണ്ണയില്‍ നടത്തിയ ഹര്‍ത്താലിനിടെ മാതൃഭൂമി ന്യൂസ് സംഘത്തെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ലീഗ് പ്രവര്‍ത്തകരായ അങ്ങാടിപ്പുറം വാക്കാട്ടില്‍ സുനില്‍ബാബു (40), വലമ്പൂര്‍ കൈപ്പുള്ളി ഷംസുദ്ദീന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഒരുമണിയോടെ സി.ഐ ടി.എസ്. ബിനുവാണ് ഇരുവരെയും അറസ്റ്റുചെയ്തത്.

കഴിഞ്ഞമാസം 23-ന് അങ്ങാടിപ്പുറത്തായിരുന്നു സംഭവം. മാതൃഭൂമി ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് സി.വി. മുഹമ്മദ് നൗഫല്‍, ക്യാമറാമാന്‍ പി.വി. സന്ദീപ്, ന്യൂസ് 18 റിപ്പോര്‍ട്ടര്‍ സുര്‍ജിത്ത് അയ്യപ്പത്ത് എന്നിവരെയാണ് സംഘം മര്‍ദിച്ചത്.

പെരിന്തല്‍മണ്ണയില്‍നിന്ന് മലപ്പുറത്തേക്ക് പോകുന്നതിനിടെ വാഹനം തടഞ്ഞു. മാധ്യമപ്രവര്‍ത്തകരാണെന്നു പറഞ്ഞിട്ടും അസഭ്യവര്‍ഷവുമായി മര്‍ദിക്കുകയായിരുന്നു. നൗഫലിനെ റോഡിലിട്ട് മുതുകത്ത് ചവിട്ടി. തടയാന്‍ ചെന്ന സന്ദീപിനെയും മര്‍ദിക്കുകയായിരുന്നു.
pmna6a-ഷംസുദ്ദീന്‍