പാലോട്: കോളേജിലെ ഓണാഘോഷത്തോടനുബന്ധിച്ച് പരിധി ലംഘിച്ച് റോഡിലൂടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെ ജീപ്പിടിച്ച് വഴിയാത്രക്കാരായ അമ്മയ്ക്കും മകനും പരിക്കേറ്റു. ഇവരെ പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തി നൂറിലധികം വണ്ടികളിൽ ഘോഷയാത്ര നടത്തുന്നതിനിടെയായിരുന്നു അപകടം.

ചൊവ്വാഴ്ച നടന്ന ഒാണാഘോഷത്തിനിടെയായിരുന്നു സംഭവം. ആഘോഷത്തിന്റെ മറവിൽ ബൈക്ക് റേസിങ്ങും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തതിന് കണ്ടാലറിയാവുന്ന നൂറോളം വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു.

ഘോഷയാത്രയിലുണ്ടായിരുന്ന തുറന്ന ജീപ്പാണ് വഴിയാത്രക്കാരെ ഇടിച്ചത്. ലംഘനംതുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാലോട് സി.ഐ. സി.കെ.മനോജ് അറിയിച്ചു.

Content Highlights: peringamal iqbal college students onam celebration, bike racing accident