കോഴിക്കോട്: പെന്‍ഷന്‍ ഭാരമാണെന്ന് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഇ.ബി.യുമൊക്കെ ആവര്‍ത്തിക്കുമ്പോഴും പെന്‍ഷന്‍ വാങ്ങുന്നവര്‍ ചേര്‍ന്ന് പെന്‍ഷന്‍ നല്‍കി മാതൃകയാവുകയാണ് കോഴിക്കോട്ട്. 'കൈത്താങ്ങെ'ന്ന പേരില്‍ സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയനാണ് പദ്ധതിക്കുപിന്നില്‍.

20 കുടുംബങ്ങള്‍ക്ക് മാസം 500 രൂപ വീതം പെന്‍ഷന്‍ നല്കി ജനുവരി ഒന്നുമുതലാണ് പദ്ധതി തുടങ്ങിയത്. വര്‍ഷത്തില്‍ രണ്ടുതവണയായാണ് നല്‍കുക. വയോജന ദിനത്തിലും സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ വാര്‍ഷിക ദിനത്തിലും; 3,000 രൂപ വീതം.

ബ്ലോക്ക് തലത്തിലാണ് ഇപ്പോള്‍ പെന്‍ഷന്‍ നല്കുന്നത്. സംഘടനാ യൂണിറ്റുകള്‍ ചേര്‍ന്ന് അര്‍ഹരെ കണ്ടെത്തി ബ്ലോക്ക് കമ്മിറ്റിയെ അറിയിക്കും. അപേക്ഷ ക്ഷണിച്ചപ്പോള്‍ ഏറെ സങ്കടകരമായ കാര്യങ്ങളാണ് ഇവര്‍ കണ്ടെത്തിയത്. ഭക്ഷണമില്ലാത്തവര്‍, കേറിക്കിടക്കാന്‍ കൂരയില്ലാത്തവര്‍, വസ്ത്രമില്ലാത്തവര്‍, മാറാരോഗികള്‍ തുടങ്ങി അശരണരായവര്‍ സമൂഹത്തിലേറെയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓരോ അപേക്ഷയും. ഇതേത്തുടര്‍ന്ന്, മുപ്പതിനായിരത്തിലധികം വരുന്ന ജില്ലയിലെ പെന്‍ഷന്‍കാരുടെ കൂട്ടായ ശ്രമം ഉറപ്പാക്കി പദ്ധതിക്ക് തുടക്കമിട്ടു.

വയോജന ക്ഷേമപദ്ധതി എന്ന നിലയിലാണ് ഉദ്ദേശിച്ചതെങ്കിലും 1,20,000 രൂപ പ്രാരംഭ മൂലധനമുള്ള പദ്ധതിയായി അത് വളര്‍ന്നു. പദ്ധതി സംസ്ഥാന വ്യാപകമാക്കാനും ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തെ 250 ബ്ലോക്ക് കമ്മിറ്റികള്‍ പദ്ധതി ഏറ്റെടുത്താല്‍ ഇത് കുറേക്കൂടി വ്യാപകമാവും.

കോഴിക്കോട് ജില്ലയിലെ പാലയാട് ബ്ലോക്കില്‍ നാലുപേര്‍ക്കും ബാലുശ്ശേരിയില്‍ രണ്ടുപേര്‍ക്കും പെന്‍ഷന്‍ നല്കാന്‍ സംവിധാനം ഒരുക്കി. പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനും ശ്രമമുണ്ട്.

തൊഴിലെടുക്കാന്‍ പ്രാപ്തിയുള്ള അംഗങ്ങളില്ലാത്ത കുടുംബങ്ങളിലെ വയോജനങ്ങള്‍ക്കാണ് മുന്‍ഗണന. കുടുംബ വാര്‍ഷിക വരുമാനം 24,000 രൂപയില്‍ കുറവായിരിക്കണം.

കെ.എസ്.എസ്.പി.യു. സംസ്ഥാനത്ത് മൊത്തം 1650 കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ധനസഹായം നല്കുന്നുണ്ട്. അംഗങ്ങളില്‍ മാരക രോഗമുള്ളവര്‍ക്ക് 10,000 രൂപ ചികിത്സാ സഹായം ഒറ്റത്തവണത്തേക്ക് നല്‍കുന്ന പദ്ധതിയും കോഴിക്കോട്ടുണ്ട്. 11 ലക്ഷം രൂപയാണ് സംഘടന ഇതിനായി കരുതല്‍ ധനമായി സ്വരൂപിച്ചിട്ടുള്ളത്.

നമുക്കാവുന്നത് ചെയ്യണം

സഹായം അര്‍ഹിക്കുന്നവര്‍ സമൂഹത്തില്‍ ഏറെയാണ്. എല്ലാം സര്‍ക്കാര്‍ ചെയ്യട്ടെ എന്ന നിലപാട് നല്ലതല്ല. നമുക്കാവുന്നത് നമ്മള്‍ ചെയ്യണം. വിരമിച്ച ക്ലാസ് ഫോര്‍ ജീവനക്കാര്‍ മുതല്‍ അണ്ടര്‍ സെക്രട്ടറിമാര്‍ വരെ സംഘടനയിലുണ്ട്. ഇത്രയും പേര്‍ ഒരുമിച്ചാല്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകും.

- കെ. ബാലകൃഷ്ണന്‍ നായര്‍

പ്രസിഡന്റ്, കെ.എസ്.എസ്.പി.യു. കോഴിക്കോട് ജില്ലാ കമ്മിറ്റി