കാസര്‍കോട്: സംസ്ഥാനത്ത് ബാങ്കുകള്‍ പെന്‍ഷന്‍ നിശ്ചയിച്ചതില്‍ വ്യാപകമായ പിഴവുകള്‍ സംഭവിച്ചതായി ട്രഷറിവകുപ്പ് ഉന്നതസമിതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ പെന്‍ഷന്‍ പരിഷ്‌കരണം ഏറ്റെടുക്കാന്‍ വകുപ്പ് തീരുമാനിച്ചത്. സര്‍ക്കാരിന് സാമ്പത്തികനഷ്ടമുണ്ടായതായും മരിച്ചുപോയവര്‍ക്കുവരെ ഇപ്പോഴും പെന്‍ഷന്‍ കൊടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

2009-ലെ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം മുന്‍കാല പ്രാബല്യത്തോടെ 2011-ലാണ് നടന്നത്. ഈ സമയത്ത് പെന്‍ഷന്‍പരിഷ്‌കരണം നടപ്പാക്കിയത് അതത് ബാങ്കുകള്‍ തന്നെയാണ്. പെന്‍ഷന്‍ നിശ്ചയിച്ചതില്‍ പാളിച്ചകളുണ്ടെന്നും പെന്‍ഷന്റെ പേരില്‍ ഖജനാവില്‍നിന്ന് പണം വേണ്ടതിലുമധികം ഒഴുകുന്നുണ്ടെന്നും അക്കൗണ്ടന്റ് ജനറല്‍ ട്രഷറിവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രഷറി ഉന്നതസമിതി ബാങ്കുകളില്‍ പരിശോധന നടത്തി പെന്‍ഷന്‍വിതരണത്തിലെ പിഴവുകള്‍ കണ്ടെത്തിയത്.

ഒട്ടേറെ പെന്‍ഷനുകള്‍ ആശ്രിത പെന്‍ഷനുകളായി മാറി. ഇതും നിശ്ചയിച്ചിരിക്കുന്നത് കൃത്യമല്ല. പെന്‍ഷന്‍ സംബന്ധിച്ച് ഒട്ടേറെ തട്ടിപ്പുകള്‍ നടക്കുന്നതായും വകുപ്പ് സംശയിക്കുന്നുണ്ട്. സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടമുണ്ടാകുന്നുവെന്ന തിരിച്ചറിവിലാണ് ഇത്തവണത്തെ പെന്‍ഷന്‍ പരിഷ്‌കരണം ഏറ്റെടുക്കാന്‍ ട്രഷറി തീരുമാനിച്ചത്.

സംസ്ഥാനത്തെ 16 ബാങ്കുകളാണ് പെന്‍ഷന്‍വിതരണം നടത്തുന്നത്. ഈ ബാങ്കുകളുടെ എല്ലാ ശാഖകളില്‍നിന്നും പെന്‍ഷന്‍ ബുക്കുകള്‍ അതത് ട്രഷറിയിലെത്തിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്ത് 1,07,000 പേരാണ് ബാങ്കുകള്‍വഴി പെന്‍ഷന്‍ വാങ്ങുന്നത്. ഇതില്‍ 80,000 ബുക്കുകള്‍ മാത്രമേ വകുപ്പിന് കിട്ടിയിട്ടുള്ളൂ. ബാങ്കുകളില്‍നിന്ന് പെന്‍ഷന്‍ ബുക്കുകളില്‍ പലതും കാണാതായതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ട്രഷറി അധികൃതര്‍ അക്കൗണ്ടന്റ് ജനറലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, ഇത്തവണ ഇത് ഏറ്റെടുത്തതോടെ അക്ഷരാര്‍ഥത്തില്‍ ട്രഷറിവകുപ്പ് വെട്ടിലായിരിക്കുകയാണ്. ബാങ്കുകളൊന്നും യഥാസമയം പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ പുതിയ പെന്‍ഷന്‍ നിശ്ചയിക്കാനാവൂ എന്നതാണ് അവസ്ഥ. ഇത് പരിഹരിക്കാന്‍ അതത് ബാങ്കുകളില്‍നിന്ന് പെന്‍ഷന്‍ നല്കിയത് സംബന്ധിച്ച വിവരങ്ങള്‍ ട്രഷറി വകുപ്പ് ആവശ്യപ്പെട്ടിട്ടേയുള്ളൂ. ഫിബ്രവരി മുതല്‍ പരിഷ്‌കരിച്ച പെന്‍ഷന്‍ നല്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ ഏപ്രില്‍ അവസാനിച്ചാലും പുതിയ പെന്‍ഷന്‍ ലഭിക്കില്ല. ലക്ഷക്കണക്കിന് പെന്‍ഷന്‍ ബുക്കുകള്‍ ബാങ്കുകളില്‍നിന്ന് അതത് ട്രഷറികളില്‍ എത്തിക്കുന്നതെല്ലാം കെട്ടിക്കിടക്കുകയാണ്.