കാസര്‍കോട്: സംസ്ഥാനത്ത് ബാങ്കുകള്‍ വഴി പെന്‍ഷന്‍ നല്കിയതിലൂടെ സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം. ഇതു സംബന്ധിച്ച കണക്കുകള്‍ ട്രഷറി വകുപ്പ് ശേഖരിക്കാന്‍ തുടങ്ങി. മരിച്ചുപോയവരുടെ പേരില്‍ വര്‍ഷങ്ങളോളം പെന്‍ഷന്‍ നല്കിയതായും പെന്‍ഷന്‍ നിശ്ചയിച്ചതില്‍ അപാകം സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള കമ്മീഷനായി ട്രഷറി ജീവനക്കാര്‍ പോലുമറിയാതെ ബാങ്കുകള്‍ക്ക് വന്‍തുക നല്കിയതും ഫലത്തില്‍ സര്‍ക്കാരിന് നഷ്ടമായി മാറി.

സംസ്ഥാനത്ത് എണ്‍പതുകളുടെ അവസാനത്തിലാണ് ബാങ്കുകള്‍വഴി പെന്‍ഷന്‍ നല്കാന്‍ തുടങ്ങിയത്. നിലവില്‍ 1,07,000 പേരാണ് ബാങ്കുകള്‍ വഴി പെന്‍ഷന്‍ വാങ്ങുന്നത്. പെന്‍ഷന്‍ നിശ്ചയിച്ചതില്‍ പാളിച്ചകള്‍ ഉണ്ടെന്നും ഖജനാവില്‍നിന്ന് പണം വേണ്ടതിലുമധികം ഒഴുകുന്നുണ്ടെന്നും അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയിരുന്നു. ട്രഷറി ഉന്നതാധികാരസമിതി ബാങ്കുകളില്‍ നടത്തിയ പരിശോധനയിലാണ് പെന്‍ഷന്‍ വിതരണത്തിലെ അപാകം ബോധ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് പെന്‍ഷന്‍ വിതരണം നടത്തുന്ന 16 ബാങ്കുകളില്‍നിന്നും ട്രഷറി വകുപ്പ് പെന്‍ഷന്‍ ബുക്കുകള്‍ തിരിച്ചു വിളിച്ചു.

പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ഒരു പെന്‍ഷന്‍ ബുക്കിന് പ്രതിമാസം 60 രൂപ വീതം നല്കുന്നുണ്ട്. ക്ഷാമബത്ത കുടിശ്ശിക ഉള്‍പ്പെടെ ഒരുവര്‍ഷം 14 തവണയാണ് പെന്‍ഷന്‍ വിതരണ പ്രക്രിയ നടക്കുന്നത്. ഈ കണക്കനുസരിച്ച് 1,07,000 പേര്‍ക്ക് പെന്‍ഷന്‍ നല്കാന്‍ ഒരു വര്‍ഷം 8.98 കോടി രൂപ ബാങ്കുകള്‍ക്ക് കമ്മീഷനായി സര്‍ക്കാര്‍ നല്കുന്നുണ്ട്. റിസര്‍വ് ബാങ്ക് ആണ് ഈ തുക സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈടാക്കി ബാങ്കുകള്‍ക്ക് വിതരണം ചെയ്യുന്നത്. ഇക്കാര്യം രഹസ്യമായിരുന്നതിനാല്‍ ട്രഷറി ജീവനക്കാരും പെന്‍ഷന്‍കാരും അറിഞ്ഞിരുന്നില്ല.

സര്‍ക്കാരില്‍നിന്ന് കമ്മീഷന്‍ പറ്റിയിട്ടും പെന്‍ഷന്‍ നിശ്ചയിച്ചതില്‍ ബാങ്കുകള്‍ക്ക് പിഴവ് സംഭവിച്ചതിനാല്‍ സംസ്ഥാനം നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന് പരാതി നല്കുമെന്നാണ് സൂചന. നഷ്ടം സംഭവിച്ചത് സംബന്ധിച്ചുള്ള കണക്കെടുപ്പ് ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ട്രഷറിവകുപ്പിന് നിര്‍ദേശം നല്കിയിരിക്കുന്നത്. ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍ കഴിഞ്ഞ രണ്ടുമാസമായി ട്രഷറി നേരിട്ടാണ് പെന്‍ഷന്‍ നിശ്ചയിച്ച്, തുക പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുന്നത്.