തിരുവനന്തപുരം: കർഷകർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്ന 2018-ലെ കേരള കർഷക ക്ഷേമനിധി ബിൽ നിയമസഭ പാസാക്കി. മറ്റു സംസ്ഥാനങ്ങൾക്കുകൂടി മാതൃകയാണ് രാജ്യത്താദ്യമായി നിലവിൽ വരുന്ന കർഷക ക്ഷേമനിധി ബോർഡെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ആറുമാസത്തിനകം ക്ഷേമനിധി ബോർഡ് രൂപവത്കരിക്കും.

കർഷകർക്ക് ‘അവകാശ ലാഭം’ ലഭ്യമാക്കുമെന്നതാണ് പ്രധാന പ്രത്യേകത. കാർഷികോത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന വ്യാപാരികൾ ഒരുവർഷത്തെ ലാഭത്തിന്റെ ഒരുശതമാനം വരുന്ന തുക കാർഷിക ഇൻസെന്റീവായി ബോർഡിലേക്ക് നൽകണം. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും അന്തസ്സ് ഉയർത്തുന്നതിനും അവർക്ക് മാന്യമായി ഉപജീവനം നടത്തുന്നതിനുമാണ് സർക്കാർ മുഖ്യ പരിഗണന നൽകുന്നത്. ചട്ടം നിർമിക്കാനായി ഉടൻ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കർഷക ക്ഷേമനിധി പദ്ധതി ആവിഷ്‌കരിക്കുന്നത് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇങ്ങനെ രൂപവത്കരിക്കുന്ന നിധി, കർഷക ക്ഷേമനിധി ബോർഡിൽ നിക്ഷിപ്തമായിരിക്കും. ബോർഡിൽനിന്ന് ധനസഹായം നൽകുന്ന പ്രവർത്തനങ്ങളുടെ മേൽനോട്ടം ക്ഷേമനിധി ബോർഡ് വഹിക്കും. പദ്ധതിയുടെ ചട്ടങ്ങൾ മൂന്ന് മാസത്തിനകം രൂപവത്കരിക്കും. സങ്കീർണമായൊരു ബില്ലായതിനാൽ പരമാവധി ആറുമാനത്തിനകം ചട്ടം രൂപവത്കരിക്കാനാകും. പരമാവധി പെൻഷൻ തുകയും മറ്റ് ആനുകൂല്യമടക്കമുള്ള കാര്യങ്ങൾ പ്രത്യേക സമിതി നിശ്ചയിക്കും. ആറുമാസത്തിനുള്ളിൽ ക്ഷേമനിധി പ്രാബല്യത്തിൽ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബില്ലിന്റെ ഉടമസ്ഥതയിൽ പ്രതിപക്ഷത്തിനും അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. സെലക്ട് കമ്മിറ്റിയിൽ പ്രതിപക്ഷാംഗങ്ങൾ നന്നായി സഹകരിച്ചു. അവരുന്നയിക്കുന്ന രാഷ്ട്രീയ വീക്ഷണത്തെക്കാൾ പ്രാധാന്യമുള്ളതായിരുന്നു ഈ ബിൽ. ബില്ല് പാസാക്കുന്ന സമയത്ത് പ്രതിപക്ഷംകൂടി ഉണ്ടായിരുന്നുവെങ്കിൽ ബില്ലിന് സൗന്ദര്യം കൂടുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ചേരാൻ അർഹതയുള്ളവർ

* അഞ്ചു സെന്റിൽ കൂടുതലും 15 ഏക്കറിൽ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയുള്ള കർഷകർ

* ഏഴരയേക്കർ വരെ ഭൂമിയിൽ റ്ബ്ബർ, കാപ്പി, തേയില, ഏലം, തോട്ടവിള എന്നിവ കൃഷിചെയ്യുന്നവർ

* മൂന്നു വർഷത്തിൽ കുറയാതെ കൃഷിരംഗത്തുള്ളവർ

* വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ കൂടാത്തവർ

* 18 വയസ്സ് പൂർത്തിയായി മറ്റ് ക്ഷേമനിധികളിൽ അംഗമാകാത്ത കർഷകർ

* ഉദ്യാനം, ഔഷധകൃഷി, നഴ്‌സറി, വിളകളും ഇടവിളകളും, ഫലവൃക്ഷങ്ങൾ, പച്ചക്കറി, പുല്ല്, തീറ്റപ്പുല്ല് കർഷകർ.

* മത്സ്യം, അലങ്കാര മത്സ്യം, ചിപ്പി, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, കാട, ആട്, മുയൽ, കന്നുകാലി, പന്നിവളർത്തൽ കർഷകർ

ആനുകൂല്യങ്ങൾ

* ക്ഷേമനിധിയിൽ അഞ്ചുവർഷത്തിൽ കുറയാതെ അംശദായമടച്ച് അംഗമാവുകയും 60 വയസ്സ് പൂർത്തിയാവുകയും ചെയ്തവർക്ക് പെൻഷൻ.

* അടയ്ക്കേണ്ട കുറഞ്ഞ അംശാദായം മാസം 100 രൂപ. സർക്കാർ വിഹിതം 250 രൂപ വരെ. കൂടിയ തുക അംശദായമടച്ചാൽ അതിന് ആനുപാതികമായി പെൻഷൻ വർധന.

* 25 വർഷം അംശദായം അടച്ചവർക്ക് ഒറ്റത്തവണയായി നിശ്ചിത തുക.

* എല്ലാ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ.

* സ്ഥിരമായി അവശതയനുഭവിക്കുന്നവർക്ക് സഹായം.

* സ്ത്രീകളായ ആംഗങ്ങളുടെയോ പെൺമക്കളുടെയോ വിവാഹത്തിനും പ്രസവശുശ്രൂഷയ്ക്കും വിദ്യാഭ്യാസത്തിനും സഹായം.

* കൃഷിയിൽ ഏർപ്പെട്ടിരിക്കെ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ അപകടം, മരണം, വന്യജീവി ആക്രമണം, വിഷബാധ എന്നിവയുണ്ടായാൽ നഷ്ടപരിഹാരം.

Content Highlights: pension for farmers; kerala assembly passed the bill