തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വിതരണം 22 മുതല്‍ തുടങ്ങും. ചില പെന്‍ഷനുകളില്‍ പത്തുമാസം വരെ കുടിശ്ശികയുള്ളതിനാല്‍ 3200 കോടി രൂപയാണ് വേണ്ടിവരുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക ഒരുമിച്ച് വിതരണം ചെയ്യുന്നത്. ഒരാള്‍ക്ക് 6500 മുതല്‍ 10000 രൂപ വരെ കിട്ടാനുണ്ട്.

പെന്‍ഷന്‍ വിതരണത്തിന് ധന, തദ്ദേശ, സഹകരണ വകുപ്പുകള്‍ ചേര്‍ന്നുള്ള പുതിയരീതിക്ക് ഇതോടെ തുടക്കമിടുകയാണ്. ബാങ്ക് അക്കൗണ്ടില്‍ വേണ്ടവര്‍ക്ക് അങ്ങനെയും അല്ലാത്തവര്‍ക്ക് സഹകരണ ബാങ്ക് നിയോഗിക്കുന്നവര്‍ നേരിട്ടും തുക എത്തിക്കുന്നതാണ് ഈ രീതി. പെന്‍ഷന്‍കാരില്‍ 75 ശതമാനത്തിനും ഇങ്ങനെ നേരിട്ട് എത്തിക്കേണ്ടിവരും.

പണം ധനവകുപ്പ് ജില്ലാ സഹകരണ ബാങ്കുകളുടെ അക്കൗണ്ടിലേക്ക് മാറ്റും. ജില്ലാ സഹകരണ ബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകളിലേക്കും. പ്രാഥമിക സഹകരണ ബാങ്ക് പ്രത്യേകം നിയോഗിക്കുന്നവര്‍ ഇത് പെന്‍ഷന്‍കാരുടെ വീട്ടിലെത്തിക്കും. ഓരോ ദിവസവുമുള്ള വിതരണ പുരോഗതി വിലയിരുത്തി ധനവകുപ്പ് ജില്ലാ സഹകരണ ബാങ്കുകളിലേക്ക് പണം നല്‍കിക്കൊണ്ടിരിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് പെന്‍ഷന്‍ വിതരണം ഏകോപിപ്പിച്ചിരിക്കുന്നത്.

കൊല്ലം ജില്ലയിലെ ഒരു പഞ്ചായത്ത് തിരഞ്ഞെടുത്ത് ഈയാഴ്ച ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ പെന്‍ഷന്‍ നേരിട്ടു വിതരണം ചെയ്യും. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റങ്ങളോടെ സംസ്ഥാനത്താകെ ഓണത്തിനു മുന്‍പ് കുടിശ്ശിക വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.