തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം കൂട്ടാനുള്ള ശമ്പളപരിഷ്കരണ കമ്മിഷൻ ശുപാർശ സർക്കാർ നടപ്പാക്കില്ല. എയിഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനത്തിന് പ്രത്യേകം റിക്രൂട്ട്‌മെന്റ് ബോർഡ് രൂപവത്കരിക്കണമെന്ന ശുപാർശയും ഇപ്പോൾ പരിഗണിക്കുന്നില്ല. സി.പി.എമ്മിലും ഇടതുമുന്നണിയിലും നയപരമായ ധാരണയുണ്ടാക്കേണ്ട കാര്യങ്ങളാണിത്. തത്‌കാലം നടപ്പാക്കാത്തതിനാൽ വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇത് പരിഗണിച്ചില്ല.

പെൻഷൻ പ്രായം ഉയർത്തണമെന്ന കെ. മോഹൻദാസ് കമ്മിഷന്റെ ശുപാർശ നടപ്പാക്കാൻ ഇടതുപക്ഷ സർവീസ് സംഘടനകൾ അടക്കം സമ്മർദംചെലുത്തുന്നുണ്ട്. എന്നാൽ, തത്‌കാലം ഇതുവേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. റിപ്പോർട്ടിലെ മറ്റു ശുപാർശകളൊന്നും നയപരമായ തീരുമാനമെടുക്കേണ്ടതല്ല.

എയിഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപവത്കരിക്കുന്നതിന് സർക്കാരിനും സി.പി.എമ്മിനും അനുകൂലനിലപാടാണ്. എന്നാൽ, പെട്ടെന്ന് നടപ്പാക്കുന്നത് എതിർപ്പുകൾക്ക് വഴിവെക്കുമെന്നതിലാണ് ഇപ്പോൾ പരിഗണിക്കാത്തത്. ശുപാർശ നടപ്പാക്കുന്നെങ്കിൽ ഇത്തരം സ്ഥാപനങ്ങളുടെ പ്രതിനിധികളോടുൾപ്പെടെ ചർച്ചനടത്തിയേക്കും.

സഹകരണസ്ഥാപനങ്ങളിൽ പാർട്ടി നിയന്ത്രണം കർശനമാക്കാൻ സി.പി.എം. ഓരോ ഘടകങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. പാർട്ടിയുടെ പൂർണനിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ മേൽനോട്ടം ആ സംഘത്തിന്റെ പ്രവർത്തനപരിധി ഉൾപ്പെടുന്ന പാർട്ടി ഘടകത്തിനാണ്. പ്രവർത്തനം പരിശോധിക്കാനായി പ്രത്യേകം സബ്കമ്മിറ്റികളുമുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടി സബ്കമ്മിറ്റികളുടെ പരിശോധന കർശനമാക്കണമെന്ന് സി.പി.എം. നിർദേശിച്ചു. ക്രമക്കേട് സംശയിക്കുകയാണെങ്കിൽ വിദഗ്ധരെ ഉൾപ്പെടുത്തി പരിശോധനനടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ, മുന്നണിയായി ഭരിക്കുന്ന സ്ഥാപനങ്ങളിൽ ഇതുണ്ടാകില്ല. പകരം ഇത്തരം സ്ഥാപനങ്ങളിലും പാർട്ടി അംഗങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചിട്ടുള്ളത്.

സംസ്ഥാനസമ്മേളനം മാർച്ച് ആദ്യം

സി.പി.എം. സംസ്ഥാനസമ്മേളനം 2022 മാർച്ച് ആദ്യം നടത്താൻ സെക്രട്ടേറിയറ്റിൽ ധാരണ. ഇതിന് കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരം വേണ്ടതുണ്ട്. അത് ലഭിച്ചാൽ സംസ്ഥാനസമിതി ചേർന്ന് തീയതി നിശ്ചയിക്കും. എറണാകുളത്താണ് സംസ്ഥാനസമ്മേളനം.