തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചൊവ്വാഴ്ച തുടങ്ങും. 1600 കോടിരൂപയാണ് പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്. ഇതിനായി, ബിവറേജസ് കോര്‍പ്പറേഷന്‍ അടുത്തമാസം നല്‍കേണ്ട നികുതിയായ 700 കോടിരൂപ മുന്‍കൂറായി വാങ്ങും. ചെലവു നിയന്ത്രിച്ചാണ് ബാക്കി പണം ക്രമീകരിച്ചത്.

രണ്ടു മാസമായി ധനവകുപ്പ് ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കുന്നതില്‍ വകുപ്പുകള്‍ക്ക് അതൃപ്തിയുണ്ട്. അത്യാവശ്യമുള്ള ചെലവുകള്‍ക്കു മാത്രമേ ട്രഷറിയില്‍നിന്ന് പണം കിട്ടുന്നുള്ളൂ. ബജറ്റില്‍ ഇല്ലാത്ത ചെലവുകളൊന്നും ധനവകുപ്പ് അനുവദിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം മന്ത്രി എ.കെ. ബാലന്‍ ധനവകുപ്പിനെ വിമര്‍ശിച്ചിരുന്നു.

നിയന്ത്രണം ജനുവരിവരെ തുടരുമെന്ന് ധനമന്ത്രി ഡോ. തോമസ്‌ െഎസക് പറഞ്ഞു. ജനുവരിയില്‍ കടമെടുക്കാനാവും. അപ്പോള്‍ സാമ്പത്തികസ്ഥിതി സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മൂന്നുമാസത്തെ സാമൂഹികസുരക്ഷാ ക്ഷേമപെന്‍ഷനാണ് നല്‍കാനുള്ളത്. 12, 14, 16, 18 തീയതികളില്‍ നാല് ഘട്ടങ്ങളിലായി ധനവകുപ്പ് തുക അനുവദിക്കും. സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യാനുള്ള തുകയാണ് ആദ്യം നല്‍കുക; വാണിജ്യബാങ്കുകളുടെ അക്കൗണ്ടിലേക്കുള്ള തുക അവസാനഘട്ടത്തിലും. എല്ലാവര്‍ക്കും ഡിസംബര്‍ 22-ഓടെ പണം കൈയിലെത്തുന്ന തരത്തിലാണ് വിതരണം ആസൂത്രണം ചെയ്തിരിക്കുന്നത്.

ക്രിസ്മസിന് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ശമ്പളം നല്‍കേണ്ടതില്ലെന്ന് നേരത്തേ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇത് ആവശ്യപ്പെടുന്നവര്‍ക്കുമാത്രം നല്‍കാനും ആലോചിക്കുന്നുണ്ട്.

പെന്‍ഷന്‍ 51 ലക്ഷം പേര്‍ക്ക്

അഞ്ചുതരം സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ വാങ്ങുന്നത് 42 ലക്ഷംപേര്‍. വിവിധ ക്ഷേമനിധി പെന്‍ഷന്‍ കിട്ടുന്നവര്‍ ഒന്പതു ലക്ഷം.

ഇതുവരെയുള്ളതുപോലെ ഇനിയും പണം ചെലവിടാനാവില്ല. വരുമാനം വര്‍ധിച്ചാലേ ചെലവും വര്‍ധിപ്പിക്കാനാവൂ. വരുമാനം കൂടുമെന്ന് പ്രതീക്ഷിച്ച് ബാധ്യതകള്‍ ഏറ്റെടുക്കില്ല

-ഡോ. തോമസ് ഐസക്, ധനമന്ത്രി