കോട്ടയം: പഴയകാല കച്ചവടത്തിൽ പിരിഞ്ഞുകിട്ടിയ പണത്തിന് മുഴുവൻ നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് റബ്ബർ വ്യാപാര മേഖലയിൽ പുതിയ തിരിച്ചടി. കട നിർത്തിയവർക്കുപോലും വലിയ തുക അടയ്ക്കേണ്ടതുണ്ടെന്ന് കാണിച്ച് ജി.എസ്.ടി. വിഭാഗത്തിന്റെ നോട്ടീസ് കിട്ടുന്നു.

നികുതി അടയ്ക്കാൻ വീഴ്ച വന്നാൽ 18 ശതമാനം പലിശ അടയ്ക്കണം. എന്നാൽ, വിൽപ്പനവഴി പിരിഞ്ഞുകിട്ടുന്ന മുഴുവൻ തുകയ്ക്കും 18 ശതമാനം പലിശ ചുമത്തിയാണ് ഇപ്പോൾ നോട്ടീസ് കിട്ടുന്നതെന്ന് വ്യാപാരികൾ പറയുന്നു. ജി.എസ്.ടി. കൗൺസിൽ നികുതിക്ക് മാത്രം പലിശ അടച്ചാൽ മതിയെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിന് 2017 ജൂലായ്‌ ഒന്നുമുതൽ മുൻകാല പ്രാബല്യം കിട്ടാനും നികുതിക്ക് മാത്രമായി പിഴപ്പലിശ പരിമിതപ്പെടുത്താനും കേന്ദ്രസർക്കാർ വിജ്ഞാപനം ഇറങ്ങണം.

ബാങ്കിൽനിന്ന് പണം പിൻവലിക്കുന്നതിനുള്ള നികുതിയിൽനിന്നുള്ള ഇളവാണ് വ്യാപാരികൾ ആവശ്യപ്പെടുന്ന മറ്റൊരു കാര്യം. വർഷം ഒരുകോടിയിൽ കൂടുതൽ ബാങ്കുകളിൽനിന്ന് പണമായി പിൻവലിക്കുന്നവർക്ക് രണ്ട് ശതമാനം നികുതി നൽകണം. വ്യാപാരികൾ കൃഷിക്കാർക്ക് റബ്ബറിനുള്ള പണം അക്കൗണ്ടിലേക്കല്ല നൽകുന്നത്. ചെറുകിട കൃഷിക്കാരും മറ്റും വില പണമായി കൈയിൽ കിട്ടണമെന്നാണ്‌ ആവശ്യപ്പെടുന്നത്‌. ഇതിന് വ്യാപാരികൾ ബാങ്കിൽനിന്ന് പണം പിൻവലിക്കുമ്പോൾ വർഷം ഇടപാട് ഒരു കോടിയിൽ കവിയും.

ചെറിയ അളവിൽ റബ്ബർ വില്പനയ്ക്കായി കടകളിൽ വരുന്ന ചെറുകിട കർഷകർക്ക് വില ബാങ്കുകളിൽകൂടി നല്കുന്നത് പ്രായോഗികമല്ല. അവധി ദിവസങ്ങളിലും ചന്ത ദിവസങ്ങളിലും അന്നത്തെ ആവശ്യങ്ങൾ നിറവേറ്റാൻ കടകളിൽവരുന്ന കർഷകർക്ക് ചെക്ക് നല്കിയാൽ പണമാക്കി മാറ്റാൻ സാധിക്കുകയില്ല. ദിവസേന 250 കിലോ റബ്ബർ വിപണനം നടത്തുന്ന വ്യാപാരികൾപോലും ഈ നിയമത്തിന്റെ കീഴിൽ വരുന്നു. കർണാടകത്തിലെ കർഷകരുടെ ആവശ്യം പരിഗണിച്ച് അവരെ ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

നിവേദനങ്ങൾ നൽകുന്നു

കേന്ദ്രമന്ത്രി വി.മുരളീധരനെ കഴിഞ്ഞ ദിവസം ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ കണ്ടിരുന്നു. അടുത്ത ദിവസം സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെയും കാണും.

-ബിജു പി.തോമസ്, ടോമി ഏബ്രഹാം (ഭാരവാഹികൾ)

Content Highlights: penalty interest for rubber traders