അങ്ങാടിപ്പുറം: “മമ്മൂക്കയോടു ഞാൻ മുണ്ടൂല, എന്നെ ഹാപ്പി ബർത്ത്ഡേയ്ക്ക് വിളിച്ചില്ല”-മമ്മൂട്ടി തന്നെ പിറന്നാളിനു വിളിച്ചില്ലെന്നു പരിഭവിച്ച് വാവിട്ടുകരയുന്ന കുഞ്ഞു പീലിമോൾ എന്ന ദുഅയെ ഓർമയില്ലേ? അവളുടെ പരിഭവത്തിന് ഇതാ ശുഭപര്യവസാനം. അവൾ മമ്മൂട്ടിയെ നേരിൽ കണ്ടു. പിതാവിന്റെ കൂട്ടുകാരൻ വരച്ച, മമ്മൂട്ടിയും പീലിമോളും ചേർന്നുനിൽക്കുന്ന ഒരു ഛായാചിത്രം സമ്മാനമായും നൽകി. മമ്മൂട്ടി അവൾക്കു സമ്മാനങ്ങളും മിഠായികളും നൽകി. മിടുക്കിയായി പഠിക്കണമെന്നും വീണ്ടും കാണണമെന്നും പറഞ്ഞാണ് മമ്മൂട്ടി അവളെ യാത്രയാക്കിയത്.

പിതാവിനും മാതാവിനും ഒപ്പമാണ് കൊച്ചിയിൽ ഷൂട്ടിങ് ലൊക്കേഷനിലെത്തി മമ്മൂട്ടിയെ പീലിമോൾ കണ്ടത്. പിതാവിന്റെ സുഹൃത്ത് ജസീറും ഒപ്പമുണ്ടായിരുന്നു. മമ്മൂട്ടിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഹമീദലിയും കുടുംബവും ലൊക്കേഷനിലെത്തിയത്. കാക്കനാട്ട് ‘പുഴു’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനായിരുന്നു വേദി. നേരിട്ടുകണ്ടപ്പോൾ മമ്മൂട്ടി “വാപ്പാന്റെ കൂടെ പഠിച്ചിട്ടുണ്ടോ” എന്നായി പീലിയുടെ സംശയം.

തിരൂർക്കാട് പുന്നക്കാടൻ ഹമീദലിയുടെയും സജ്‌നയുടെയും മകളാണ് അഞ്ചുവയസ്സുകാരി ദുഅ. പുത്തനങ്ങാടി സെയ്ന്റ് തെരേസാസ് സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർഥിനി. കഴിഞ്ഞവർഷം സെപ്റ്റംബർ ഏഴിനാണ് ഈ കൊച്ചാരാധിക മമ്മൂട്ടി തന്നെ പിറന്നാളിനു ക്ഷണിച്ചില്ലെന്നുപറഞ്ഞ്‌ കരയുന്ന വീഡിയോ പ്രചരിച്ചത്. വീഡിയോ കണ്ട മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു; “പിണങ്ങല്ലേ മോളേ എന്താ പേര്?” നാലുദിവസത്തിനുശേഷം പീലിമോളെയും കുടുംബത്തെയും അദ്‌ഭുതപ്പെടുത്തി അവളുടെ നാലാം പിറന്നാളിന് മിഠായിയും പിറന്നാൾ കേക്കും പുത്തനുടുപ്പുമായി രണ്ടുപേർ കൊച്ചിയിൽനിന്നെത്തി. മമ്മൂട്ടി പീലിമോൾക്ക് കൊടുത്തയച്ച പിറന്നാൾ സമ്മാനം. ഫോണിൽ വീഡിയോകോൾചെയ്ത് പിറന്നാളാശംസകളും നേർന്നു. കോവിഡ് മാറി നേരിൽക്കാണാമെന്നും ഉറപ്പുനൽകി. പിന്നീടു രണ്ടുതവണ ഹമീദലിയെ മമ്മൂട്ടി ക്ഷണിച്ചെങ്കിലും പോകാനായില്ല. ഈവർഷവും മമ്മൂട്ടി തന്റെ കൊച്ചാരാധികയ്ക്കു പിറന്നാൾ സമ്മാനം കൊടുത്തയക്കാൻ മറന്നില്ല.