വിഴിഞ്ഞം: ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന്റെ ലഗേജ് വാതിൽ തുറന്ന് ദേഹത്തിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
ആര്യനാട് ഉഴമലയ്ക്കൽ കുളപ്പട പുളിമൂട് ഇലിപ്പറകോണം അഖിൽ ഹൗസിൽ രാജേന്ദ്രൻ നായർ(64) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോവളം-വിഴിഞ്ഞം റോഡിലാണ് അപകടം. ശ്രീകാര്യത്ത് നിന്ന് പൂവാർ കരുംകുളത്തേക്ക് പോകുന്ന ടൂറിസ്റ്റ് ബസിന്റെ വാതിൽ യാത്രക്കിടയിൽ തനിയെ തുറന്നായിരുന്നു അപകടം.
രാജേന്ദ്രൻ നായർ വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം ഒപ്പമുള്ള ജോലിക്കാരുമായി ജോലിസ്ഥലത്തേക്ക് നടന്നുവരുമ്പോഴാണ് അപകടം. ബസിന്റെ ലഗേജ് സൂക്ഷിക്കുന്ന വാതിൽ തുറന്ന്, രാജേന്ദ്രൻ നായരുടെ ദേഹത്ത് തട്ടി. ഇതിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇയാളുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. സംഭവം കണ്ട നാട്ടുകാർ വിഴിഞ്ഞം പോലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ വിഴിഞ്ഞത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കിണറിന്റെ ഉറകൾ സ്ഥാപിക്കുന്ന തൊഴിലാളിയാണ് മരിച്ച രാജേന്ദ്രൻ നായർ. അപകടത്തിനിടയാക്കിയ ബസിനെ സ്‌റ്റേഷനിലെത്തിക്കാൻ വിഴിഞ്ഞം പോലീസ് ബസുടമയ്ക്ക് നിർദ്ദേശം നൽകി. പോലീസ് കേസെടുത്തു.
ഭാര്യ: സാവിത്രി. മക്കൾ: നിത്യ, ധന്യ, രമ്യ. മരുമക്കൾ: ബിജു, സുമേഷ്, ജോജി.