കോട്ടയം: ജനപക്ഷത്തിന്റെ യു.ഡി.എഫ്‌. പ്രവേശം സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന യു.ഡി.എഫ്. യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് പി.സി. ജോർജ് എം.എൽ.എ. കോട്ടയം പ്രസ്‌ ക്ലബ്ബിൽ "മീറ്റ്‌ ദ മീഡിയ’ പരിപാടിക്ക്, മകനും കോട്ടയം ജില്ലാ പഞ്ചായത്തംഗമായ ഷോൺ ജോർജിനൊപ്പം എത്തിയതായിരുന്നു അദ്ദേഹം.

യു.ഡി.എഫിന് കേരളം കിട്ടണമെങ്കിൽ ഉമ്മൻചാണ്ടി മുൻനിരയിലുണ്ടാവണം. രമേശ് ചെന്നിത്തല ശക്തനായ പ്രതിപക്ഷനേതാവാണെങ്കിലും തിരഞ്ഞെടുപ്പ് യുദ്ധം നയിക്കേണ്ടത് ഉമ്മൻചാണ്ടിയാണ്. ജോസ് കെ.മാണി എം.പി. സ്ഥാനം രാജിവെച്ചത് ധാർമികതയ്ക്ക് നിരക്കുന്നതല്ല. സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണ് ജോസ് നടത്തുന്നത്. ഇതൊക്കെ ജനം കാണുന്നുണ്ട്. ജില്ലാപഞ്ചായത്തിൽ മകനെ മത്സരിപ്പിക്കാൻ തനിക്ക്‌ തീരെ താത്പര്യമില്ലായിരുന്നു. മറ്റൊരാളെയായിരുന്നു ആ സ്ഥാനത്തേക്ക്‌ കണ്ടുെവച്ചിരുന്നത്‌. എന്നാൽ പലരും നിർബന്ധിച്ചതിനാൽ ഷോണിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. മകനുവേണ്ടി വോട്ടുപിടിക്കാൻപോലും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‍‌ലിം സമൂഹത്തിനെതിരേ താൻ നടത്തിയ പരാർമശത്തിൽ പി.സി.ജോർജ്‌ മാപ്പപേക്ഷിച്ചു. വൈകാരികമായി പറഞ്ഞതിൻറ പേരിലാണ്‌ ഈരാറ്റുപേട്ടയിൽ തനിക്കെതിരേ ശക്തമായ പ്രചാരണം നടന്നത്‌. തന്റെ വാക്കുകൾ ആ സമുദായത്തെ വേദനിപ്പിച്ചെന്ന് മനസ്സിലായി. അതിനാൽ പരസ്യമായി മാപ്പ് പറയുകയാണ്.

ഈരാറ്റുപേട്ടയിലെ മുസ്‌ലിം ജനവിഭാഗം വേഗം പൊരുത്തപ്പെടുന്നവരാണ്. ഇതിനോടകം പൊരുത്തപ്പെട്ടതാണെന്നും നിലവിൽ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.