എൻ.സി.പി.യിൽ ചേരാനുണ്ടായ സാഹചര്യം പി.സി. ചാക്കോ മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസുമായി പങ്കുവെക്കുന്നു

1978-ൽ കോൺഗ്രസ് വിട്ടശേഷം പിന്നീട് മടങ്ങിയെത്തിയത് തെറ്റായെന്ന് തോന്നുന്നുണ്ടോ .

കോൺഗ്രസിലേക്ക് തിരിച്ചുപോയതിന്‍റെ തെറ്റുംശരിയും മനസ്സിലാക്കാൻ അന്ന് കഴിയുമായിരുന്നില്ല. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടശേഷം കോൺഗ്രസിൽനിന്ന് വിട്ടുപോയവരെ തിരികെക്കൊണ്ടുവരാൻ രാജീവ് ശ്രമംതുടങ്ങി. അങ്ങനെ ശരദ്പവാറിനെ തിരിച്ചുവിളിച്ചു. തുടക്കത്തിൽ എനിക്ക് വിയോജിപ്പായിരുന്നു. പവാർ പറഞ്ഞപ്രകാരം രാജീവ്ഗാന്ധി എന്നെ ഫോണിൽ വിളിച്ചു. അഭിപ്രായങ്ങൾ പാർട്ടിവേദിയിൽ തുറന്നുപറയാൻ കഴിയുന്ന ജനാധിപത്യപാർട്ടിയായി മുന്നോട്ടുപോകുമെന്ന് രാജീവ് ഉറപ്പുനൽകി. അതുകൊണ്ട് 1986-ൽ എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് കരുതുന്നില്ല.

ഇപ്പോൾ കോൺഗ്രസ് വിടാനുണ്ടായ കാരണം.

കോൺഗ്രസിൽ ഇപ്പോൾ ഹൈക്കമാൻഡ് ഇല്ല. സംസ്ഥാനങ്ങളിൽ നേതൃതലത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള നേതൃത്വം കേന്ദ്രത്തിലില്ല. ചർച്ചകളില്ല. സംഘടനാ തിരഞ്ഞെടുപ്പെന്ന നാടകം നടത്തി രാഹുൽഗാന്ധിയെ പ്രസിഡൻറായി തിരഞ്ഞെടുത്തു. െതാട്ടുപിന്നാലെ അദ്ദേഹം രാജിവെച്ചു. കെ.സി. വേണുഗോപാലിനെപ്പോലെ പരിചയമില്ലാത്തയാളെ മുന്നിൽനിർത്തി രാഹുൽഗാന്ധി പിൻസീറ്റ് ഡ്രൈവിങ് നടത്തുന്നു. സോണിയാഗാന്ധി, രാഹുൽ, പ്രിയങ്ക എന്നീ മൂന്നുപേർക്ക് മാത്രം വേണ്ടിയുള്ള പാർട്ടിയായി കോൺഗ്രസ് ഇന്ന് മാറി.

കെ.സി. വേണുഗോപാലിന് പരിചയക്കുറവുണ്ടെന്ന് പറഞ്ഞല്ലോ. എങ്കിൽ എങ്ങനെയാണ് ഇദ്ദേഹത്തെ സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറിയാക്കിയത് .

ദേശീയരാഷ്ട്രീയത്തിൽ വേണുഗോപാലിന് വലിയ പരിചയമില്ല. രാഹുൽഗാന്ധിയുടെ പേഴ്സണൽ ചോയിസാണ് അദ്ദേഹം. വേണുവിൽ എന്തുനന്മ കണ്ടു, കഴിവുകണ്ടു എന്നറിയില്ല. ദേശീയരാഷ്ട്രീയത്തെ സൂക്ഷ്മമായി വിലയിരുത്താൻ അറിയാത്ത ആളായിരുന്നിട്ടും വേണു േവണമെന്നാണ് രാഹുൽ താത്പര്യപ്പെട്ടത്

കേരളത്തിലെ ഗ്രൂപ്പിസത്തെ പഴിക്കുന്ന താങ്കളും കുറച്ചുകാലം ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നില്ലേ .

ഞാൻ എം.പി.യായത് ഗ്രൂപ്പിന്റെ പേരിലല്ല. എ, ഐ ഗ്രൂപ്പുകളുടെ ഭാഗമായിരുന്നില്ല. അന്നത്തെ ഏറ്റവും സീനിയർ ഞാനായിരുന്നു. കരുണാകരനിൽനിന്ന് രമേശ് ചെന്നിത്തലയും ആന്റണിയിൽനിന്ന് ഉമ്മൻചാണ്ടിയും ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്തപ്പോൾ സ്ഥിതി കൂടുതൽ വഷളായി.

ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും ഗുഡ് ബുക്കിൽനിന്ന് എങ്ങനെയാണ് പുറത്തായത്.

ഞാൻ ഒരുകാലത്തും ഉമ്മൻചാണ്ടിയുടെ സുഹൃദ് വലയത്തിലോ ഗുഡ്ബുക്കിലോ ഉണ്ടായിരുന്നില്ല. ആന്റണിയും ഞാനുമാണ് ഒരുകാലത്ത് കേരളരാഷ്ട്രീയം നിയന്ത്രിച്ചത്. 81-ൽ എൽ.ഡി.എഫ്. വിടാൻ തീരുമാനിച്ചപ്പോൾ ഞാൻ ഒപ്പമുണ്ടാവുമെന്ന് ആന്റണി കരുതി. പിന്നീട് ഞാൻ തിരിച്ച് കോൺഗ്രസിലെത്തിയപ്പോൾ ആന്റണി ഒരിക്കലും ഒത്തുതീർപ്പിന് വന്നില്ല

ഉമ്മൻചാണ്ടിയുടെ സുഹൃദ്‌വലയത്തിൽനിന്ന് പുറത്താവാൻ കാരണം.

ഉമ്മൻചാണ്ടി കെ.എസ്.യു. പ്രസിഡന്റായിരുന്നപ്പോൾ ഞാനും രാമചന്ദ്രൻ കടന്നപ്പള്ളിയും ജനറൽസെക്രട്ടറിമാരായിരുന്നു. രണ്ടുവർഷത്തിനുശേഷം ഉമ്മൻചാണ്ടി ഒഴിയാൻ തീരുമാനിച്ചപ്പോൾ ആൻറണിയും ഉമ്മൻചാണ്ടിയും കടന്നപ്പള്ളിയെ പ്രസിഡന്റാക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കട്ടെയെന്ന് ഞാൻ പറഞ്ഞു. ഞാൻ ജയിക്കുമെന്ന് മനസിലാക്കി ഒടുവിൽ ഉമ്മൻചാണ്ടിതന്നെ മത്സരിച്ചു. ഞാൻ തോറ്റു. എന്നെ ഒഴിവാക്കാൻ വേണ്ടിയുള്ള നാടകമായിരുന്നു അത്. മൂന്നുമാസം കഴിഞ്ഞ് സംസ്ഥാനക്യാമ്പിൽവെച്ച് ഉമ്മൻചാണ്ടി രാജിവെച്ച് കടന്നപ്പള്ളിയെ പ്രസിഡന്റാക്കി. എന്തുകൊണ്ടോ അന്നുമുതൽ സൗഹൃദം കുറഞ്ഞു.

ഇപ്പോൾ എന്തുകൊണ്ടാണ് എൻ.സി.പി. തിരഞ്ഞെടുത്തത്.

പ്രാദേശികപാർട്ടികളെ യോജിപ്പിച്ചുമാത്രമേ ബി.ജെ.പി.യെ നേരിടാൻ കഴിയു. തമിഴ്നാട്ടിൽ സ്റ്റാലിൻ, ബംഗാാളിൽ മമതാ ബാനർജി തുടങ്ങിയവരെ വിശ്വാസത്തിലെടുക്കാൻ കഴിവുള്ള നേതാവ് ശരദ്പവാറാണ്. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ എൻ.സി.പി.ക്ക് സാധിക്കും. കേരളത്തിൽ ഇടതുസർക്കാരിന്റെ തുടർഭരണം ഉണ്ടാവണം. അതാണ് ലക്ഷ്യം.

സോണിയാഗാന്ധി, രാഹുൽ, പ്രിയങ്ക. ഈ മൂന്നുപേരുടെ കാര്യം അന്വേഷിക്കുകയെന്നല്ലാതെ യാതൊരു ദൗത്യവും പാർട്ടിക്കില്ല. വേണുഗോപാൽ ചില സർക്കുലറുകൾ അയക്കും. ആരും അത് ഗൗരവത്തിൽ എടുക്കാറില്ല. പ്രതിപക്ഷശക്തികളെ യോജിപ്പിച്ച് ധൈര്യമായി മുന്നോട്ടുപോവുന്നതിനുപകരം കോൺഗ്രസ് അതിന്റെ ദൗത്യം നിറവേറ്റുന്നില്ല. അതുകൊണ്ടാണ് പാർട്ടി വിടേണ്ടിവന്നത്.

content highlights: pc chacko criticises congress