കാഞ്ഞങ്ങാട്: മോഷണത്തിന്റെ ലഹരിയിൽ നേരംവെളുത്തത്‌ മറന്ന ‘പഴക്കള്ളൻ’ ഒടുവിൽ ‘കാക്കപ്പോലീസി’ന്റെ ‘േഡ്രാൺ കണ്ണിൽ’ കുടുങ്ങി. കാഞ്ഞങ്ങാട് നഗരത്തിൽ കോട്ടച്ചേരിയിലെ ഗാർഡർവളപ്പ് സ്വദേശി സിദ്ധിഖിന്റെ പഴക്കടയിലാണ് സ്ഥിരംകള്ളനായ കുരങ്ങിനെ കാക്കക്കൂട്ടം ‘തടവിലാ’ക്കിയത്.

പഴക്കടയിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മോഷണം. കടയിൽ തൂക്കിയിട്ട ഞാലിപ്പൂവൻപഴം മാത്രം മോഷണം പോകാൻ തുടങ്ങിയിട്ട്‌ നാളേറെയായി. ദിവസവും കട തുറക്കുമ്പോൾ പഴക്കുലയിൽ പടലകൾതന്നെ കുറഞ്ഞിട്ടുണ്ടാകും. പണമോ വിദേശ പഴങ്ങളോ വേണ്ടാത്ത ഈ കള്ളൻ ആരെന്നായി സംശയം.

പെട്ടെന്ന് കേടുവരാതിരിക്കാനായി കടയ്ക്കുമുന്നിൽ നിരത്തിവെച്ചിരിക്കുന്ന പഴങ്ങൾ രാത്രി തണൽവലകൊണ്ട് മൂടിയാണ് സിദ്ധിഖ്‌ സൂക്ഷിച്ചിരുന്നത്. പഴക്കുല തൂക്കിയിട്ടതായതിനാൽ കള്ളൻ എലിയോ പെരുച്ചാഴിയോ അല്ലെന്ന് മനസ്സിലായിരുന്നതായി അദ്ദേഹം പറയുന്നു.

ചൊവ്വാഴ്ച കടതുറക്കാനെത്തിയപ്പോൾ പുറത്ത് കെട്ടിടങ്ങൾക്കു മുകളിൽ കാക്കക്കൂട്ടം കലപിലകൂട്ടി വട്ടമിട്ട് പറക്കുന്നതു കണ്ടു. വല നീക്കിയപ്പോൾ കണ്ടത് പഴക്കുലയിൽ ഊഞ്ഞാലാടുന്ന കുരങ്ങിനെ! പഴക്കള്ളനെക്കണ്ട് സിദ്ധിഖ്‌ ഒന്നു പിറകോട്ടടിച്ചു. പിന്നെ ബഹളംകൂട്ടി ആളുകളെ വിളിച്ചു. പിടിയിലാകുമെന്ന്‌ അറിഞ്ഞതോടെ കാക്കക്കൂട്ടത്തിനിടയിൽക്കൂടി കുരങ്ങൻ ശരവേഗത്തിൽ ഓടിരക്ഷപ്പെട്ടു.

Content Highlight: pazhakkallan Kanhangad