mഏലൂര്‍: സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ പയ്യപ്പിള്ളി ബാലന്‍ (91) അന്തരിച്ചു. ശ്വാസതടസ്സവും വാര്‍ദ്ധക്യ സഹജമായ അസുഖവും മൂലം പാലാരിവട്ടം റിനൈ മെഡി സിറ്റിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു മരണം.മൃതദേഹം മഞ്ഞുമ്മലിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു.
 
ബുധനാഴ്ച രാവിലെ ഏഴിന് മൃതദേഹം ഏലര്‍ എസ്.സി.എസ്. മേനോന്‍ ഹാളിലേക്ക് കൊണ്ടുപോകും. ഇവിടെ 10 മണിവരെ പൊതുദര്‍ശനത്തിന്‌ വയ്ക്കും. തുടര്‍ന്ന് മൃതദേഹം കളമശ്ശേരിയിലെ എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന് കൈമാറും.മഞ്ഞുമ്മല്‍ പയ്യപ്പിള്ളി പാപ്പി അമ്മയുടെയും നാവുള്ളി കൂടാനക്കാട്ട് ഇരവി രാമന്‍പിള്ളയുടെയും മകനായി 1925 ജൂണ്‍ ഒന്നിനാണ് ബാലകൃഷ്ണ പിള്ള എന്ന പയ്യപ്പിള്ളി ബാലന്‍ ജനിച്ചത്.

13-ാം വയസ്സില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍ പങ്കെടുത്ത് പൊതുരംഗത്തെത്തി. ഇടപ്പള്ളി ഇംഗ്ലീഷ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ 1942 ആഗസ്ത് ഒമ്പതിന് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. 1945-ല്‍ ആലുവ യു.സി. കോളേജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി ഫെഡറേഷനിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തി.
 
ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണ കേസിലും 1965-ല്‍ കേന്ദ്ര സര്‍ക്കാറിന്റെ കമ്മ്യൂണിസ്റ്റ് വേട്ടയിലും അടിയന്തരാവസ്ഥയിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1950-ലെ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ പ്രതിയായി ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ജയില്‍വാസത്തിനിടെ ക്രൂരമായി പോലീസിന്റെ മര്‍ദനമേറ്റു. 1957-ല്‍ ഇ.എം.എസ്. സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ച കൂട്ടത്തിലാണ് ജയില്‍ മോചിതനായത്.

ചേരാനല്ലൂര്‍ ലിറ്റില്‍ഫ്‌ലവര്‍ സ്‌കൂള്‍, കളമശ്ശേരി ഒഗലെ ഗ്ലാസ് ഫാക്ടറി, ഏലൂര്‍ ഫാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ദേശാഭിമാനി കൊച്ചി ഡിവിഷന്‍ എന്നിവിടങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്.അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലുവ മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നിന്നു.
 
മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റംഗം, ഏലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഏലൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.അബുദാബി ശക്തി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ സി.പി.എം. കളമശ്ശേരി ഏരിയാ കമ്മിറ്റിയംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണവും തുടര്‍ന്ന് പ്രതിയായ പയ്യപ്പിള്ളി ബാലന്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ അനുഭവിച്ച ക്രൂര പീഡനങ്ങളുടെയും വിവരണമാണ് 'ആലുവപ്പുഴ പിന്നെയും ഒഴുകി' എന്ന കൃതി. ഇതുള്‍പ്പെടെ 10 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
 
'ജ്ഞാനസ്‌നാനം' നോവല്‍ എഴുതി പൂര്‍ത്തിയാക്കി. 'മായാത്ത സ്മരണകളുടെ' രണ്ടാം ഭാഗം പ്രകാശനത്തിന് ഒരുങ്ങുമ്പോഴാണ് പയ്യപ്പിള്ളി വിട പറഞ്ഞത്.ഭാര്യ: പരേതയായ ശാന്താദേവിയാണ്. മക്കള്‍: ഡോ. ജ്യോതി (തൃപ്പൂണിത്തുറ അനുഗ്രഹ ക്ലിനിക്), ബിജു (കെല്‍), ദീപ്തി (റിനൈ മെഡി സിറ്റി, പാലാരിവട്ടം). മരുമക്കള്‍: ആര്‍.എസ്. ശ്രീകുമാര്‍ (കൊച്ചി റിഫൈനറി), വി.എ. ശ്രീകുമാര്‍ (അബുദാബി), സന്ധ്യ (കെല്‍).