തിരുവനന്തപുരം: സർക്കാർജീവനക്കാരുടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും 10 ശതമാനം വർധിപ്പിക്കാൻ പതിനൊന്നാം ശമ്പളക്കമ്മിഷൻ ശുപാർശ ചെയ്തു. 2019 ജൂലായ് ഒന്നുമുതലാണ് മുൻകാല പ്രാബല്യം. ശുപാർശകൾ പരിശോധിച്ച് ഏപ്രിൽ ഒന്നുമുതൽ പുതിയശമ്പളം നൽകും.

ശുപാർശകൾ നടപ്പാക്കിയാൽ വർഷം 4810 കോടി രൂപ അധികബാധ്യതയുണ്ടാകുമെന്ന് ശമ്പളക്കമ്മിഷൻ അധ്യക്ഷൻ മുൻ കേന്ദ്രസെക്രട്ടറി കെ. മോഹൻദാസ് പറഞ്ഞു. കഴിഞ്ഞ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കാൻ 7000 കോടിയുടെ അധികബാധ്യതയുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് സാഹചര്യവും കണക്കിലെടുത്ത് പരിമിതമായ വർധനയേ ശുപാർശ ചെയ്തിട്ടുള്ളൂവെന്ന് കെ. മോഹൻദാസ് പറഞ്ഞു.

കുസാറ്റിലെ ബജറ്റ് സ്റ്റഡീസ് സെന്റർ ഡയറക്ടർ പ്രൊഫ. എം.കെ. സുകുമാരൻ നായരും ഹൈക്കോടതി അഭിഭാഷകൻ അഡ്വ. അശോക് മാമൻ ചെറിയാനുമാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

ശുപാർശകൾ

കുറഞ്ഞ ശമ്പളം 16,500-ൽനിന്ന് 23,000 രൂപയാക്കണം.

കൂടിയത് 1.20 ലക്ഷത്തിൽനിന്ന് 1,66,800 രൂപ.

വാർഷിക ഇൻക്രിമെന്റിൽ കുറഞ്ഞ വർധന 700 രൂപ, കൂടിയത് 3400 രൂപ.

കുറഞ്ഞ പെൻഷൻ 11,500 രൂപ, കൂടിയത് 83,400.

കുറഞ്ഞ കുടുംബപെൻഷൻ 11,500, കൂടിയത് 50,040.

ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റ്വിറ്റി പരിധി 14 ലക്ഷത്തിൽനിന്ന് 17 ലക്ഷമാക്കി.

80 വയസ്സുകഴിഞ്ഞ പെൻഷൻകാർക്ക് പ്രതിമാസം ആയിരംരൂപ അധിക ബത്ത.

2019 ജൂലായ് ഒന്നുവരെയുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും.

ഫിറ്റ്‌മെന്റ് ബെനിഫിറ്റ് 10 ശതമാനം മാത്രം.

വാർഷിക സർവീസ് വെയിറ്റേജ് ഒഴിവാക്കുന്നു.

27 ശമ്പള സ്കെയിലുകൾ, 83 സ്റ്റേജുള്ള മാസ്റ്റർ സ്കെയിൽ.

അലവൻസുകളിൽ 10 ശതമാനം വർധന.

നഴ്‌സുമാർക്ക് 5000 രൂപ യൂണിഫോം അലവൻസ്.

കുറഞ്ഞ എച്ച്.ആർ.എ. 1200 രൂപ, കൂടിയത് 10,000.

നഗരങ്ങളിൽ എച്ച്.ആർ.എ. 10 ശതമാനം, ജില്ലാ കേന്ദ്രങ്ങളിൽ എട്ട്‌, മുനിസിപ്പാലിറ്റി ആറ്‌, പഞ്ചായത്ത് നാല്‌.

സിറ്റി കോമ്പൻസേറ്ററി അലവൻസ് നിർത്തലാക്കി.

നിലവിലെ അടിസ്ഥാന പെൻഷൻ 1.38 കൊണ്ട് ഗുണിച്ച് പെൻഷൻ പുതുക്കും.

പാർട്‌ ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ കുറഞ്ഞശമ്പളം 11,500 രൂപ, കൂടിയ ശമ്പളം 22,970 രൂപ.

കുറഞ്ഞ പെൻഷൻ 5750 രൂപ, കൂടിയത് 11,485 രൂപ.

വിരമിക്കൽ ഒരുവർഷം നീട്ടിവെക്കണം

ഉദ്യോഗസ്ഥരുടെ വിരമിക്കൽ ഒരുവർഷത്തേക്ക്‌ നീട്ടിവെക്കണം. വിരമിക്കൽ ആനുകൂല്യങ്ങൾക്ക് അടുത്തവർഷത്തേക്ക്‌ 5700 കോടിയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. നീട്ടിവെച്ചാൽ ഈ ചെലവും മാറ്റിവെക്കാം. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ടിവരും.