പാവറട്ടി: എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തയാൾ മർദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. സംഘത്തിലുൾപ്പെട്ട രണ്ടുപേർകൂടി ചൊവ്വാഴ്ച വൈകീട്ടോടെ പാവറട്ടി പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇവരുടെ അറസ്റ്റ് ബുധനാഴ്ച ഉണ്ടാകും.
സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർമാരായ കൊടുങ്ങല്ലൂർ എറിയാട് വലിയവീട്ടിൽ അബ്ദുൾജബ്ബാർ (50), ചേർപ്പ് പെരുമ്പിള്ളിശ്ശേരി മുല്ലക്കരവീട്ടിൽ എം.ജി. അനൂപ്കുമാർ (47), സിവിൽ എക്സൈസ് ഓഫീസർ കുന്നംകുളം, പെങ്ങാമുക്ക് മടിശ്ശേരിവീട്ടിൽ നിധിൻ മാധവൻ (32) എന്നിവരെയാണ് ഗുരുവായൂർ എ.സി.പി. ടി. ബിജുഭാസ്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പത്തോടെ പ്രതികളായ ഇവർ പാവറട്ടി പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
സിവിൽ എക്സൈസ് ഓഫീസർമാരായ സ്മിബിൻ, മഹേഷ് എന്നിവരാണ് ചൊവ്വാഴ്ച വൈകീട്ടോടെ പാവറട്ടി സ്റ്റേഷനിൽ ഹാജരായത്. പ്രിവന്റീവ് ഓഫീസർ വി.എ. ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർ ബെന്നി, ഡ്രൈവർ ശ്രീജിത്ത് എന്നിവരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
കഞ്ചാവുകേസിൽ അറസ്റ്റിലായിരിക്കെ മരിച്ച മലപ്പുറം തിരൂർ സ്വദേശി രഞ്ജിത്കുമാറിനെ മർദിക്കാൻ കൊണ്ടുവന്ന പൂവത്തൂർ കൂമ്പുള്ളി പാലത്തിന് സമീപമുള്ള കള്ള് ഗോഡൗഡിൽ തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുവന്നു. പ്രതികളുടെ മുഖം ടവ്വൽകൊണ്ട് മറച്ച നിലയിലായിരുന്നു. ഏകദേശം ഒരുമണിക്കൂറോളം മർദിച്ച മുറിയിൽ കയറ്റിയായിരുന്നു തെളിവെടുപ്പ്. പിന്നീട് തെളിവെടുപ്പിനായി ഗുരുവായൂരിലെത്തിച്ചു.
അന്വേഷണോദ്യോഗസ്ഥനായ ഗുരുവായൂർ എ.സി.പി.യുടെ മുന്നിൽ ഹാജരാകണമെന്നു കാണിച്ച് ഒളിവിലുള്ള ഉദ്യോഗസ്ഥരുടെ വീടുകളിൽ നോട്ടീസ് പതിച്ചിരുന്നു. ഇവരുടെയെല്ലാം മൊബൈൽ ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്. ഡ്രൈവർ ഉൾപ്പെടെ എട്ടുപേരെയാണ് പ്രതിചേർത്തിട്ടുള്ളത്. കൊലപാതകം, കുറ്റം തെളിയിക്കുന്നതിനായി മനഃപൂർവമുള്ള ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Content Highlights: pavaratty excise custodial death, three officers arrested