കൊച്ചി: അപ്രതീക്ഷിതമായി നിധികിട്ടിയ സന്തോഷത്തിലാണ് ഓട്ടോഡ്രൈവറായ ചെറായി കണയ്ക്കാട്ടുശ്ശേരി വീട്ടിൽ പ്രദീപ്. സ്വപ്നത്തെ പിന്തുടർന്ന് നിധി തേടിപ്പോയ സാന്റിയാഗോയുടെ കഥപറഞ്ഞ പൗലോ കൊയ്‌ലോയുടെ ‘ആൽക്കെമിസ്റ്റ്’ എന്ന നോവലിനോടുള്ള ഇഷ്ടംകൊണ്ടാണ് തന്റെ ഓട്ടോയ്ക്ക് പ്രദീപ് ‘ആൽക്കെമിസ്റ്റ്’ എന്നു പേരിട്ടത്. ഇപ്പോഴിതാ സാക്ഷാൽ പൗലോ കൊയ്‌ലോ പ്രദീപിന്റെ (56) ഓട്ടോയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നു. ‘ഈ ചിത്രത്തിന് ഒരുപാടു നന്ദി’ എന്ന അടിക്കുറിപ്പോടെ സാമൂഹികമാധ്യമത്തിൽ പൗലോ കൊയ്‌ലോ ഇട്ട ചിത്രത്തിനുകീഴിൽ ഒട്ടേറെ മലയാളികളാണ് അജ്ഞാതനായ ഓട്ടോക്കാരന് കേരളത്തിന്റെ പേരിൽ സ്നേഹം അറിയിക്കുന്നത്.

പൗലോ കൊയ്‌ലോയുടെ ആരാധകനായ പ്രദീപിനെക്കുറിച്ച് കഴിഞ്ഞവർഷം ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. പ്രിയകഥാകാരൻ കേരളത്തിലെ ഒരു ആരാധകന്റെ സ്നേഹം തിരിച്ചറിഞ്ഞതിൽ ഏറെ ആഹ്ളാദമുണ്ടെന്ന് പ്രദീപ് പറയുന്നു. മകൻ പ്രണവിന് വാട്‌സാപ്പ് ഗ്രൂപ്പിൽ വന്ന ചിത്രം കാണുമ്പോഴാണ് വിവരമറിയുന്നത്. തുടർന്ന് ചിത്രം പങ്കുവെച്ച അക്കൗണ്ട് ശരിയാണോ എന്ന് സുഹൃത്തുക്കൾവഴി അന്വേഷിച്ചു. പേജ് കൊയ്‌ലോയുടേതെന്ന് ഉറപ്പിച്ചപ്പോൾ അമ്പരപ്പ് ആഹ്ളാദമായി.

ഇരുപതുവർഷമായി ഓട്ടോ ഓടിക്കുന്നു. പത്തുവർഷംമുമ്പ് പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് വായിച്ചശേഷമാണ് ഓട്ടോയ്ക്ക് ആ പേരിടുന്നത്. പത്താം ക്ളാസുവരെ പഠിച്ചു. ആദ്യം കൊൽക്കത്തയിൽ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. വിവാഹശേഷമാണ് ഓട്ടോ ഓടിച്ചുതുടങ്ങിയത്. സിന്ധുവാണ് ഭാര്യ.

PAULO COHELO

വായനയോട് ഒരുപാടിഷ്ടം

ജോലിത്തിരക്കിനിടയിലും വായനയ്ക്ക് സമയം കണ്ടെത്തുന്നയാളാണ് പ്രദീപ്. എറണാകുളം ശിവക്ഷേത്രത്തിനു സമീപമാണ് ഓട്ടോ ഓടിക്കുന്നത്. ബാഗിൽ എപ്പോഴും ഒരു പുസ്തകമുണ്ടാകും. വണ്ടിയോടിക്കലിന്റെ ഇടവേളകളിലാണ് വായന.

വീട്ടിൽ സ്വന്തമായി പുസ്തകശേഖരമുണ്ട്. വിശ്വസാഹിത്യ കൃതികളോട് പ്രത്യേക ഇഷ്ടമുണ്ട്. ഗബ്രിയേൽ ഗാർസ്യ മാർകേസും ടോൾസ്റ്റോയിയുമൊക്കെ പ്രിയപ്പെട്ട എഴുത്തുകാർ. വി.കെ.എന്നിന്റെയും പൗലോ കൊയ്‌ലോയുടെയും പടങ്ങളാണ് പ്രദീപിന്റെ ഓട്ടോയിൽ ഒട്ടിച്ചിരിക്കുന്നത്.