പത്തനംതിട്ട: ഇന്ധനം നിറയ്ക്കുന്നതിന് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുന്ന രീതി മാറ്റണമെന്ന് പമ്പുടമകള്‍. കാര്‍ഡ് ഉപയോഗിച്ച് പണംനല്കുന്ന രീതി അറിയാത്ത പലരും ഇളവ് നേരിട്ട് ആവശ്യപ്പെട്ടതായും അവര്‍ പരാതിപ്പെട്ടു.

നൂറ്ുരൂപയ്ക്ക് ഇന്ധനം നിറക്കുന്നവര്‍ക്ക് കാര്‍ഡുപയോഗിക്കുമ്പോള്‍ 75 പൈസയുടെ ആനുകൂല്യമാണ് കിട്ടുക. നിലവില്‍ ഇത് പമ്പുടമയുടെ അക്കൗണ്ടില്‍ നിന്നാണ് ഉപഭോക്താവിന്റെ അക്കൗണ്ടിലെത്തുക. 15 ദിവസം കൂടുമ്പോള്‍ ഇതിന്റെ കണക്ക് എണ്ണക്കമ്പനിക്ക് നല്‍കണം. അപ്പോള്‍ കമ്പനി പമ്പുടമയ്ക്കുള്ള പണം അക്കൗണ്ടിലിടും.

ഈ രീതിയില്‍ പണം കിട്ടാന്‍ താമസം വരും എന്നാണ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ പരാതി. അതുകൊണ്ട് ഉപഭോക്താക്കള്‍ കമ്പനിയുടെ അക്കൗണ്ടിലേക്ക് പണമടച്ച് അവര്‍തന്നെ ആനുകൂല്യം നല്‍കട്ടെ എന്നാണ് ഉടമകള്‍ പറയുന്നത്.

അതേപോലെ പമ്പുകള്‍ മിനി എ.ടി.എമ്മായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന പരാതിയുണ്ട്. ആരെങ്കിലും പമ്പിലെ കാര്‍ഡില്‍ സ്വൈപ്പ് ചെയ്ത് പമ്പുടമയുടെ അക്കൗണ്ടിലേക്ക് 2000 രൂപ എത്തിച്ചാല്‍ പകരം അതിന്റെ നോട്ട് നല്‍കണം എന്നാണ് നിര്‍ദേശം. ഇന്ധനം നിറയ്ക്കലിനുതന്നെ സമയം തികയാത്തപ്പോള്‍ ഇത്തരം രീതികള്‍ അടിച്ചേല്‍പ്പിക്കരുതെന്നും അവര്‍ പറയുന്നു.