പത്തനംതിട്ട: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ ചെയ്യാത്ത കുറ്റത്തിന് താനും കുടുംബവും അനുഭവിച്ചത് വലിയ പീഡനമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജേക്കബ് ജോബ്. അന്ന് അവിടെ പോലീസ് കമ്മീഷണര്‍ ആയിരുന്നു താന്‍. മൂന്ന് വര്‍ഷമാണ് പീഡനം അനുഭവിച്ചത്.

കേരള പോലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മാധ്യമങ്ങളും പോലീസും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേസിലെ പ്രതി നിസാമുമായി ബന്ധപ്പെടുത്തി തന്നെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. ആദ്യമായി ആ വ്യക്തിയെ ജയിലില്‍ അടച്ചത് താനാണ്. ഇയാളുടെമേല്‍ കാപ്പ ചുമത്തിയതും താനാണ്. നിസാമുമായി തനിക്ക് അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞുപരത്തി.

ഇതിന്റെ പേരില്‍ താനും കുടുംബവും അനുഭവിച്ച മനോവേദനയ്ക്ക് കണക്കില്ല. ജീവിതത്തില്‍ ആദ്യമായി ഡിപ്പാര്‍ട്ട്‌മെന്റ് കൈവിട്ടു. കുടുംബം ആത്മഹത്യയുടെ വക്കില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

തന്നെ വഞ്ചിച്ച മേലുദ്യോഗസ്ഥന്‍ പ്രമുഖ നടിയോടൊപ്പം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് ഇടനിലക്കാരനായും പ്രവര്‍ത്തിച്ചു. അദ്ദേഹം അന്ന് ഏത് സ്ഥലത്താണ് ഉണ്ടായിരുന്നതെന്നോ ലീവിലാണോ ഡ്യൂട്ടിയിലാണോ എന്നുപോലും ആരും അന്വേഷിച്ചില്ല. മൊബൈല്‍ ടവര്‍ ലൊക്കേഷനിലൂടെ ഇതെല്ലാം കണ്ടെത്താന്‍ കഴിയുമായിരുന്നു. ഇത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ തനിക്ക് വെളിപ്പെടുത്താനുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രതി നിസാമിനോടൊപ്പംനിന്ന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് ആരും ഒരക്ഷരവും മിണ്ടിയില്ല. തന്നോട് മാത്രം അനീതി കാണിച്ചു. തന്റെ നിരപരധിത്വം പിന്നീട് അംഗീകരിക്കേണ്ടിവന്നു. ഈ സമയത്തും നേരോടുനിന്ന മാധ്യമങ്ങളും ഉണ്ട്. പോലീസിലും വിഷവിത്തുകളേറെയുണ്ട്. ഇത് കണ്ടെത്താന്‍ പോലീസിനു കഴിയും. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സ്വയം അധഃപതിക്കാന്‍ ആഗ്രഹിക്കുന്നില്ല.

ജില്ലാ പ്രസിഡന്റ് ടി.എന്‍.അനീഷ് അധ്യക്ഷതവഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ സാം ചെമ്പകത്തില്‍ വിഷയം അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാം, മാധ്യമ പ്രവര്‍ത്തകന്‍ സജിത്ത് പരമേശ്വരന്‍, ഡിവൈ.എസ്.പി. ആര്‍.ജോസ്, ടി.എസ്.ബൈജു, ജി.ജയചന്ദ്രന്‍, ഇ.നിസാമുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.