പത്തനംതിട്ട: ഗുജറാത്തില്‍ ഭൂസമരങ്ങളില്‍ പിന്തുണയ്ക്കുകയും പങ്കെടുക്കുകയുംചെയ്ത സി.പി.എം. കേരളത്തിലെ ഭൂസമരങ്ങളെ ഭയക്കുന്നതായി ജിഗ്നേഷ് മേവാനി. അവരുടെ നിലപാടുകള്‍ ഇരട്ടത്താപ്പും കാപട്യവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗുജറാത്തിലെ ഉന സമരനായകനും രാഷ്ടീയ ദളിത് അധികാര്‍ മഞ്ച് കണ്‍വീനറുമാണ് മേവാനി. ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട അന്‍പതിലേറെ സംഘടനകള്‍ ചേര്‍ന്നുള്ള ഭൂവധികാര സംരക്ഷണസമിതി നടത്തുന്ന ചലോ തിരുവനന്തപുരം യാത്രയുടെ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യാന്‍ ചെങ്ങറ സമരഭൂമിയിലെത്തിയതായിരുന്നു അദ്ദേഹം.

ഗുജറാത്തിലെ ഉനയിലേക്കു നടത്തിയ യാത്രയ്ക്കു സമാനമാണ് ചലോ തിരുവനന്തപുരം യാത്രയും. കേരളത്തിലെ ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ സ്ഥിതിയും അവിടത്തേതിനു സമാനമാണ് .

2003-2004 കാലത്ത് ആദിവാസികള്‍ക്ക് ഭൂമി നല്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗോത്രനേതാക്കളുമായി ധാരണ ഉണ്ടാക്കിയിരുന്നു. എന്നാല്‍, അതു പാലിക്കാനോ ഒരിഞ്ചുഭൂമി നല്കാനോ തയ്യാറായിട്ടില്ല. ദളിതര്‍ക്കും സ്ത്രീകള്‍ക്കുംനേരെയുള്ള പീഡനം, വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങിയവ കേരളത്തിലും നടക്കുന്നു. ഇവയെല്ലാം ഉന്നയിച്ചും കേരളമോഡല്‍ വികസനം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടുമാണ് ഏപ്രില്‍ ഒന്നുമുതല്‍ ചലോ തിരുവനന്തപുരം യാത്ര നടത്തുന്നതെന്ന് ജിഗ്നേഷ് മേവാനി വ്യക്തമാക്കി.
 
മെയ് 31ന് യാത്ര തിരുവനന്തപുരത്തു സമാപിക്കും.സണ്ണി കപിക്കാട് അധ്യക്ഷത വഹിച്ചു. യാത്രയുടെ ജനറല്‍ കണ്‍വീനറായ ഗീതാനന്ദന്‍, ഡി.എച്ച്.ആര്‍.എം. ചെയര്‍പേഴ്‌സണ്‍ സെലീന പ്രക്കാനം തുടങ്ങിയവരും സംസാരിച്ചു.