കൊച്ചി: ഔഷധവില നിയന്ത്രണ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ. രാജ്യത്ത് വികസിപ്പിച്ച് പേറ്റന്റ് നേടുന്ന മരുന്നുകൾക്ക് ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങി അഞ്ചുവർഷം വരെ വിലനിയന്ത്രണം പാടില്ലെന്നായിരുന്നു നിലവിലുള്ള നിബന്ധന. ഇതിൽ ‘ഉത്പാദന’മെന്നതിനു പകരം ‘വിപണനം’ എന്നാക്കിയതാണ് ഭേദഗതി.

അതായത് പേറ്റന്റുള്ള വിദേശമരുന്ന് ഇന്ത്യയിൽ വിൽക്കാനും അഞ്ചുവർഷത്തേക്ക് വിലനിയന്ത്രണ നിരോധനം കിട്ടും. ആരോഗ്യമന്ത്രാലയം തീരുമാനിക്കുന്ന ഓർഫൻ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും അഞ്ചുവർഷ നിയന്ത്രണനിയമം ഒഴിവാക്കിയിട്ടുണ്ട്.

ആരോഗ്യമന്ത്രാലയത്തിന്റെ എതിർപ്പ് മറികടന്നാണ് പെട്രോളിയം-രാസവസ്തു വകുപ്പിനു കീഴിലുള്ള ഔഷധമന്ത്രാലയം വിജ്ഞാപനമിറക്കിയത്. ഇതിലൂടെ പേറ്റന്റുള്ള മരുന്നുകൾക്കും പ്രത്യേക രോഗങ്ങൾക്കുള്ള മരുന്നുകൾക്കും (ഓർഫൻ ഡ്രഗ്സ്) വില കുതിക്കും. ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ സുപ്രധാന വകുപ്പുകൾക്ക്‌ വിരുദ്ധമാണ് ഭേദഗതിയെന്നും വിമർശനമുണ്ട്.

ഔഷധമേഖലയിൽ ഗവേഷണവും ഉത്പാദനവും പ്രോത്സാഹിപ്പിക്കാനായിരുന്നു നിയമത്തിൽ നിബന്ധന വെച്ചിരുന്നത്. ഭേദഗതിയോടെ ഇതൊക്കെയില്ലാതാകും. അപൂർവ രോഗങ്ങളുടെ മരുന്നുകൾക്ക് ചെലവ് കുറവായതിനാൽ നിർമാണത്തിന് പലരും താത്പര്യം കാട്ടാറില്ല. ഇത്തരം സാഹചര്യം മുതലെടുത്ത് ഇവയ്ക്ക് പരമാവധി വിലയീടാക്കുന്ന പ്രവണതയുണ്ട്. അമേരിക്കയിൽ 36 ഇനം അർബുദമരുന്നുകൾ ഓർഫൻ ഡ്രഗ്സെന്ന ഈ വിഭാഗത്തിലാണ്.

അപൂർവരോഗങ്ങളുെട മരുന്നുകൾക്ക് വിലനിയന്ത്രണം വേണമെന്ന് കഴിഞ്ഞമാസം ആരോഗ്യവകുപ്പ് സെക്രട്ടറി ഔഷധമന്ത്രാലത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിക്കാതെ, എല്ലാ അപൂർവ രോഗ മരുന്നുകളുടെയും വിലനിയന്ത്രണം ഒഴിവാക്കിയിരിക്കുകയാണ്. മൂന്നുവർഷമായി ഇന്ത്യയിൽ ഔഷധവിലനിയന്ത്രണം ശക്തമായിരുന്നു. ഇതിനെതിരേ വിദേശ കമ്പനികൾ വിമർശനമുന്നയിച്ചുവരവേയാണ് നിയമഭേദഗതി.

നിർബന്ധ ലൈസൻസിങ് വ്യവസ്ഥയ്ക്ക് വിരുദ്ധം

ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പാണിത്. വിദേശത്ത് പേറ്റന്റുള്ള മരുന്ന് മൂന്നുവർഷത്തിനുശേഷം അനിവാര്യമായ സാഹചര്യത്തിൽ വില കുറച്ച് ഇവിടെ നിർമിക്കാൻ താത്പര്യമുള്ളവർക്ക് അനുമതി നൽകലാണ് ഇതിന്റെ കാതൽ. ഈ വ്യവസ്ഥയുടെ നിലനിൽപ്പിനെയും ചോദ്യംചെയ്യുന്നതാണിപ്പോഴത്തെ ഭേദഗതി.

- കെ.എം. ഗോപകുമാർ, ഓൾ ഇന്ത്യ ഡ്രഗ്‌സ് ആക്‌ഷൻ നെറ്റ്‌വർക്ക് പ്രവർത്തകൻ