കൊച്ചി: മരിച്ചുപോയ മാതാപിതാക്കളുടെ പേര് പാസ്പോർട്ടിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് രേഖകൾ ഹാജരാക്കിയാൽ തിരുത്തിനൽകണമെന്ന് ഹൈക്കോടതി. കണ്ണൂർ പയ്യാവൂർ സ്വദേശിനി ദീപനമോൾ സെബാസ്റ്റ്യന്റെ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. ഹർജിക്കാരിയുടെ പാസ്‌പോർട്ടിൽ അച്ഛന്റെ പേര് സെബാസ്റ്റ്യൻ എന്നാണ് രേഖപ്പെടുത്തിയത്.

എന്നാൽ, ജനനസർട്ടിഫിക്കറ്റിൽ ദേവസ്യ എന്നാണുള്ളത്. പാസ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്ന ജനനത്തീയതിയും തെറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുത്താൻ അപേക്ഷനൽകിയെങ്കിലും പാസ്പോർട്ട് അതോറിറ്റി നിരസിച്ചതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ അടക്കം പിതാവിന്റെ പേര് ദേവസ്യ എന്നാക്കിയിരുന്നെന്നും ചൂണ്ടിക്കാട്ടി.

പാസ്പോർട്ടിൽ മാതാപിതാക്കളുടെ പേര് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് ജീവിച്ചിരിക്കുമ്പോൾ ഇവർക്ക് ലഭിച്ച രേഖകൾ ഹാജരാക്കിയാൽ തിരുത്തിനൽകാമെന്നുകാട്ടി വിദേശകാര്യ വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തിൽ ഹർജിക്കാരിയെ നാലാഴ്ചയ്ക്കുള്ളിൽ കേട്ട് ഉടൻ തീരുമാനമെടുക്കാനാണ് പാസ്പോർട്ട് അതോറിറ്റിയോട് നിർദേശിച്ചിരിക്കുന്നത്.