മലപ്പുറം: പോലീസിന്റെ പാസ്‌പോര്‍ട്ട് വേരിഫിക്കേഷനായുള്ള 'മലപ്പുറം മോഡല്‍' ഇനി സംസ്ഥാനം മുഴുവന്‍. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞദിവസം പുറപ്പെടുവിപ്പിച്ചു. ആദ്യപടിയായി തൃശ്ശൂര്‍, കണ്ണൂര്‍, പാലക്കാട്, കോഴിക്കോട്, എറണാംകുളം ജില്ലകളിലാണ് പദ്ധതി. ശേഷം മറ്റു ജില്ലകളിലേക്കും വ്യാപിപിക്കും.

വെറും നാലുദിവസത്തിനുള്ളില്‍ മൊബൈല്‍ ആപ്പ് വഴി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം എന്നതാണ് പദ്ധതിയുടെ പ്രത്യേകത. മുന്‍പ് ഇതിനായി 30 ദിവസംവരെ എടുത്തിരുന്നു. ഇതിനായി ഒരോ ജില്ലയ്ക്കും ഏഴുലക്ഷം രൂപ വീതം വിതരണംചെയ്യും.

ഇങ്ങനെയാണ് പദ്ധതി

പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിച്ചയുടന്‍ പോലീസ് സ്റ്റേഷനുകളിലേക്ക് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍നിന്ന് മൊബൈല്‍ ആപ്പ് വഴി ഫയലുകള്‍ നല്‍കും. അത് ഫീല്‍ഡ് പരിശോധന ഓഫീസര്‍മാര്‍ സ്ഥലത്തുപോയി ആപ്പ് വഴി പരിശോധന നടത്തി ഉടന്‍തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ലഭിച്ച റിപ്പോര്‍ട്ട് അന്നുതന്നെ ജില്ലാ പോലീസ് മേധാവിയുടെ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് സമര്‍പ്പിക്കുന്നതോടെ പ്രക്രിയ പൂര്‍ത്തിയാകും.

ലാഭമാണ് സര്‍ക്കാരിന്

വേരിഫിക്കേഷന്‍ ഫീസായി കേന്ദ്രസര്‍ക്കാര്‍ ഫയല്‍ ഒന്നിനു 150 രൂപ വീതമാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നത്. 20-ദിവസത്തിനുള്ളില്‍ പരിശോധന നടത്തിയാല്‍ മാത്രമാണ് ഈ പണം ലഭിക്കുക.

നേരത്തെ 30 ശതമാനം അപേക്ഷകള്‍ മാത്രമായിരുന്നു മലപ്പുറത്ത് ചെയ്യാന്‍ സാധിച്ചിരുന്നത്. 2017 നവംബര്‍ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ജനുവരി 31-വരെ 59,554 വേരിഫിക്കേഷനാണ് മലപ്പുറത്ത് നടന്നത്. ഈയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുക 89,33,100 രൂപയാണ്.

വേരിഫിക്കേഷന് സ്ഥലത്തുണ്ടാകണം

അപേക്ഷകള്‍ വേരിഫിക്കേഷന് അയച്ചാലുടന്‍ അപേക്ഷകര്‍ക്ക് സൗജന്യമായി പോലീസ് വിഭാഗത്തില്‍നിന്ന് എസ്.എം.എസ്. അയക്കും. പരിശോധനയ്ക്ക് തയ്യാറെടുക്കാന്‍ സാവകാശം ലഭിക്കാനാണിത്.

ഈ സമയത്ത് രേഖകള്‍ സഹിതം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊതുജനങ്ങള്‍ക്ക് www.evip.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷയുടെ ഫയല്‍ നമ്പര്‍ എന്റര്‍ ചെയ്ത് അപേക്ഷയുടെ തത്സ്ഥിതി അറിയാം. പരാതികള്‍ ഉണ്ടെങ്കില്‍ അതും രേഖപ്പെടുത്താം.