തൃശ്ശൂർ: പാസഞ്ചറുകൾ ഓടിക്കാൻ റെയിൽവേ അനുവാദം നൽകാത്തത് സംസ്ഥാനത്തെ ഒരുലക്ഷത്തോളം ദിവസയാത്രക്കാരുടെ കീശ ചോർത്തുന്നു. പ്രതിമാസം 300-നും 500-നും ഇടയ്ക്ക് രൂപ ചെലവായിരുന്ന യാത്രക്കൂലി ഇപ്പോൾ പത്തിരട്ടിയിലധികമാണ്. പഴയ സീസൺ ടിക്കറ്റുകാരെല്ലാം സ്വകാര്യവാഹനങ്ങളിലേക്ക് മാറിയതാണ് ചെലവ് കൂടാനുള്ള പ്രധാന കാരണം. തീവണ്ടികൾ കൂടുതലായി ഓടിത്തുടങ്ങിയെങ്കിലും റിസർവേഷൻ ഇല്ലാത്ത യാത്ര അനുവദിക്കാത്തതും പ്രശ്നമാണ്. 25 ദിവസം റിസർവ് ചെയ്ത് യാത്രചെയ്താൽ 2000-നും 3000-നും ഇടയ്ക്ക് രൂപ ഈ ഗണത്തിൽപ്പെടുന്ന യാത്രക്കാർക്ക് വേണ്ടിവരുന്നുണ്ട്.
ലോക്ഡൗണിനുശേഷം ഇളവനുവദിക്കാത്ത അപൂർവം മേഖലകളിലൊന്നാണ് പാസഞ്ചർ തീവണ്ടി. ബസ് അടക്കമുള്ളവ ഏതാണ്ട് പഴയപടിയിലേക്ക് മാറിക്കഴിഞ്ഞു. ലോക്ഡൗൺ ഇളവുകൾ ആദ്യം വന്നപ്പോൾ ഓടിത്തുടങ്ങിയ തീവണ്ടികളിൽ ഒന്നിടവിട്ട സീറ്റുകളിലാണ് റിസർവേഷൻ നൽകിയിരുന്നത്. എന്നാൽ, പിന്നീട് അത് മാറ്റി എല്ലാ സീറ്റിനും നൽകിയത് കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവ് വരാതിരുന്ന സമയത്താണ്. എന്നിട്ടും കോവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞ് പാസഞ്ചറുകൾ ഓടിക്കാതിരിക്കുന്നതിലെ പൊരുത്തക്കേടാണ് യാത്രക്കാർ ഉന്നയിക്കുന്നത്.
മുംബൈയിലെ ലോക്കൽ ട്രെയിനുകൾ അവശ്യസർവീസ് വിഭാഗത്തിൽപ്പെടുന്ന സർക്കാർ ജീവനക്കാർക്കും സ്ത്രീകൾക്കുമായി ഓടിക്കുന്നുണ്ട്. മഹാരാഷ്ട്ര സർക്കാരും റെയിൽവേയുമായി നടത്തിയ ചർച്ചയിലാണ് ഇത്തരം തീരുമാനമുണ്ടായത്.
സംസ്ഥാനത്തെ പ്രധാന പാസഞ്ചർ റൂട്ടുകൾ
തിരുവനന്തപുരം-കൊല്ലം, കൊല്ലം-കോട്ടയം, കൊല്ലം-ആലപ്പുഴ, ആലപ്പുഴ- എറണാകുളം, കോട്ടയം- എറണാകുളം, എറണാകുളം-തൃശ്ശൂർ, ഗുരുവായൂർ-എറണാകുളം, തൃശ്ശൂർ-ഷൊർണൂർ, പാലക്കാട്-കോഴിക്കോട്, കോഴിക്കോട്-കണ്ണൂർ, കണ്ണൂർ-മംഗളൂരു, പാലക്കാട്-കോയമ്പത്തൂർ.
ചീഫ് സെക്രട്ടറി കത്തയച്ചു
റെയിൽവേയുടെ സംസ്ഥാനത്തെ നോഡൽ ഓഫീസറായ ചീഫ് സെക്രട്ടറി, പാസഞ്ചറുകൾ ഓടിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേയ്ക്ക് കത്തയച്ചിട്ടുണ്ട്. റെയിൽവേയുടെ അനുമതി കിട്ടാത്തതിനാൽ പാസഞ്ചറുകൾ ഓടിക്കാനാവില്ലെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ സീനിയർ കൊമേഴ്‌സ്യൽ മാനേജർ രാജേഷ് ചന്ദ്രൻ പറഞ്ഞു.