രാജപുരം: ‘ജീവിക്കാൻ മറ്റു വഴികളൊന്നുമില്ല, ഇനിയും പീഡനം തുടർന്നാൽ മരിക്കേണ്ടിവരും’ -സി.പി.എം. ഏരിയാ നേതാവിനും പാർട്ടി അംഗത്തിനും നേരേ ബ്രാഞ്ച് സെക്രട്ടറിയും ഭാര്യയും പത്രസമ്മേളനത്തിൽ തുറന്നടിച്ചു. ഒടയംചാൽ ഉദയപുരം ക്ഷീരോത്പാദകസംഘം സെക്രട്ടറിയായിരുന്ന കൊച്ചുവളപ്പിൽ എ.നിഷയും സി.പി.എം. ഉദയപുരം ബ്രാഞ്ച് സെക്രട്ടറിയും നിഷയുടെ ഭർത്താവുമായ കെ.ബി.ബിജുമോനുമാണ് ഏരിയാ നേതാവും ഉദയപുരം ക്ഷീരസഹകരണസംഘം പ്രസിഡന്റുമായ എ.സി.മാത്യുവിനും മുൻ ക്ഷീരസംഘം പ്രസിഡന്റും പാർട്ടിയംഗവുമായ സി.അശോകനുമെതിരേ രംഗത്തുവന്നത്. ജോലിയുമായി ബന്ധപ്പെട്ട് ഇവർ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ആക്ഷേപം.

2012 മുതൽ 2018 ജനുവരി ഒന്നുവരെ ഉദയപുരം ക്ഷീരോത്പാദകസംഘത്തിൽ സെക്രട്ടറിയായിരുന്നു നിഷ. 2017 ജൂൺ 27 മുതൽ ജൂലായ് 31 വരെ കുട്ടിക്ക് സുഖമില്ലാത്തതിനാൽ അവധിയിലായിരുന്നു. ഈസമയത്ത് ക്ഷീരസംഘം പ്രസിഡന്റായിരുന്ന അശോകൻ സാമ്പത്തികതിരിമറി നടത്തിയതായി നിഷ ആരോപിക്കുന്നു. ഇത് മനസ്സിലാക്കുകയും കണക്കുകളും പണവും സംഘത്തിൽ ഹാജരാക്കാൻ അശോകനോടാവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഓഡിറ്റിങ്ങിൽ കണ്ടെത്തിയ ക്രമക്കേടുകൾക്ക് താൻ കാരണക്കാരിയാണെന്നാരോപിച്ച് 2017 ഡിസംബറിൽ ഭരണസമിതി തനിക്ക് വിശദീകരണനോട്ടീസ് നൽകുകയാണ് ചെയ്തതെന്ന് നിഷ പറയുന്നു.

30 ദിവസത്തിനകം മറുപടിനൽകാനാണ് നോട്ടീസിലാവശ്യപ്പെട്ടത്. എന്നാൽ മറുപടി നൽകാനുള്ള സമയപരിധിക്കു മുൻപ് 2018 ജനുവരി രണ്ടിന് തന്നെ സസ്‌പെൻഡ് ചെയ്തു. ആറുമാസം കഴിഞ്ഞിട്ടും ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ഭരണസമിതി തയ്യാറാവാത്തതിനാൽ സി.പി.എം. ലോക്കൽ കമ്മിറ്റിക്കും ഏരിയാ കമ്മിറ്റിക്കും പരാതിനൽകിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടെ നിയമാനുസൃതം ലഭിക്കേണ്ട ഉപജീവനബത്ത തടയുന്നതിനായി കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ എ.സി.മാത്യു തൊഴിലുറപ്പ് അക്രെഡിറ്റഡ് എൻജിനീയറുടെ സഹായത്തോടെ മാർച്ചിൽ താൻ തൊഴിലുറപ്പുജോലിക്ക് പോയതായി തെറ്റായ രേഖയുണ്ടാക്കിയെന്നും ക്ഷീരസംഘവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണംനടത്തുന്ന ഉദ്യോഗസ്ഥന് ഇതു നൽകിയെന്നും നിഷ ആരോപിച്ചു. വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് എ.സി.മാത്യു, തൊഴിലുറപ്പുപദ്ധതി അക്രെഡിറ്റഡ് എൻജിനീയർ പി.എൽ.രേഷ്മ, പഞ്ചായത്ത് സെക്രട്ടറി എം.കെ.രാധാകൃഷ്ണൻ, സി.അശോകൻ എന്നിവരുടെ പേരിൽ ചൊവ്വാഴ്ച രാജപുരം പോലീസിൽ നിഷ പരാതിയും നൽകി.

ആരോപണം അടിസ്ഥാനരഹിതമെന്ന്

നിഷയുടെയും ബിജുമോന്റെയും ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഉദയപുരം ക്ഷീരസഹകരണസംഘം പ്രസിഡന്റും സി.പി.എം. ഏരിയാ കമ്മിറ്റി അംഗവുമായ എ.സി.മാത്യു പറഞ്ഞു. ഓഡിറ്റിങ്ങിൽ വൻ സാമ്പത്തികക്രമക്കേട് കണ്ടെത്തിയതിനാലാണ് നിഷയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. ഇതിൽ ആഭ്യന്തരാന്വേഷണം അവസാനഘട്ടത്തിലാണ്. അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും കൂടുതൽ നടപടിവേണോ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണോയെന്ന കാര്യത്തിൽ തീരുമാനം. നിഷയുടെ പരാതിയിൽ പാർട്ടിതല അന്വേഷണം നടത്തുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തതാണ്. എന്നാൽ സാമ്പത്തികക്രമക്കേടായതിനാൽ നിഷ്പക്ഷാന്വേഷണത്തിന് സംഘം തീരുമാനിക്കുകയുമായിരുന്നു. തൊഴിലുറപ്പുജോലിയുമായി ബന്ധപ്പെട്ട് പോലീസിൽ നൽകിയ പരാതിയിലും അടിസ്ഥാനമില്ല. നിഷ ജോലിചെയ്തതായുള്ള രേഖ അന്വേഷണോദ്യോഗസ്ഥന് നൽകിയിട്ടില്ലെന്നും എ.സി.മാത്യു അറിയിച്ചു.

content highlights: CPIM, LDF, press conference