പറശ്ശിനിക്കടവ്: വിനോദസഞ്ചാര വികസനത്തിൽ പിന്നാക്കമായ ഉത്തരകേരളത്തിൽ ആ സ്ഥിതി മാറ്റാൻ കഴിഞ്ഞ രണ്ടുവർഷത്തിനകം 600 കോടിയുടെ പദ്ധതി അനുവദിച്ചുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മലനാട് ക്രൂയിസ് ടൂറിസം പദ്ധതിയുടെ നിർമാണപ്രവൃത്തി ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷതവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ നദിയിലുമുള്ള വിനോദസഞ്ചാരത്തിന് ആ നദിക്കരയിലെ സാംസ്കാരിക സവിശേഷതയുമായി ബന്ധപ്പെടുത്തിയുള്ള പേരിട്ട് സംവിധാനംചെയ്യുന്ന മലനാട് ടൂറിസം പദ്ധതി രാജ്യത്ത് പുതുമയാണ്. അറിഞ്ഞേടത്തോളം നൈൽ നദിയിലാണിങ്ങനെ ഒരു പദ്ധതിയുള്ളത്. 197 കിലോമീറ്റർ യാത്ര, അതിന് 11 തീമുകൾ എന്നിങ്ങനെ വലിയ സവിശേഷതകളുണ്ട് മലനാട് പദ്ധതിക്ക്. നദികളിലെ വിനോദസഞ്ചാരപദ്ധതി മലിനീകരണം തരിമ്പും അനുവദിക്കാതെ കർശന നിയന്ത്രണത്തോടെയാണ് നടപ്പാക്കുക -കടകംപള്ളി പറഞ്ഞു.

ചടങ്ങിൽ തുറമുഖ-പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, റവന്യൂ മന്ത്രി ഇ.ചന്ദ്രശഖരൻ, പി.കെ.ശ്രീമതി എം.പി., കെ.കെ.രാഗേഷ് എം.പി., എം.എൽ.എ.മാരായ െജയിംസ് മാത്യു, ടി.വി.രാജേഷ്, സി.കൃഷ്ണൻ, എം.രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, നഗരസഭാ ചെയർപേഴ്‌സൺ പി.കെ.ശ്യാമള, കൗൺസിലർ കെ.പി.ശ്യാമള, ചീഫ് എൻജിനീയർ കെ.എ.ജോഷി, ടി.കെ.ഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ് സ്വാഗതവും ജോയന്റ് ഡയറക്ടർ അനിതാകുമാരി നന്ദിയും പറഞ്ഞു.