പറശ്ശിനിക്കടവ്: നദികളെ നല്ലനിലയിൽ സംരക്ഷിച്ചില്ലെങ്കിൽ കേരളത്തിൽ ടൂറിസ്റ്റുകൾ വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലനാട് റിവർ ക്രൂയീസ് പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിനോദസഞ്ചാരവികസനത്തിനും ജീവിതത്തിനും നദികളെയും വെള്ളത്തെയും നല്ല നിലയിൽ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ദേശീയ ജലപാതാവികസനത്തിന്റെ ഭാഗമായി ഇപ്പോൾ തിരുവനന്തപുരത്തെ പാർവതീപുത്തനാർ വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തിന്റെ ചരിത്രവും സംസ്കാരവുമായി അഭേദ്യബന്ധമുള്ള നദിയാണ്. എന്നാലിന്ന് ആ വെള്ളത്തിൽ ചവിട്ടാൻ പോലുമാകില്ല. ഒരുതരം കറുത്ത വെള്ളമാണ് അതിൽ. ദശാബ്ദങ്ങളായി മാലിന്യമൊഴുക്കി ആ അവസ്ഥയിലെത്തിച്ചു.

ദേശീയ ജലപാതാവികസനത്തിന്റെ ഭാഗമായി നടത്തുന്ന പ്രവൃത്തികൾ പൂർണതയിലെത്തുമ്പോൾ പാർവതീപുത്തനാർ അതിന്റെ പഴയ അവസ്ഥയിലെത്തും.

അപകടകരമായ വസ്തുക്കൾ, ജീർണവസ്തുക്കൾ നദികളിലും ജലാശയങ്ങളിലുമെറിഞ്ഞ് വെള്ളത്തിന്റെ ഗുണമേന്മ നശിപ്പിക്കുന്ന പ്രവണതയാണുള്ളത്. ഇതിനെ ശക്തമായി തടഞ്ഞേതീരൂ -മുഖ്യമന്ത്രി പറഞ്ഞു.