പാറശ്ശാല : മോഷ്ടാവെന്ന് ആരോപിച്ച് പൊഴിയൂരില്‍ മാനസിക രോഗിയായ യുവാവിനുനേരേ ജനക്കൂട്ടത്തിന്റെ ആക്രമണം. പൊഴിയൂര്‍ കൊല്ലി സ്വദേശിയായ ജോസ് എന്ന യുവാവിനെയാണ് മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് ചോദ്യം ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോട് കൂടിയാണ് ജോസിനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് ചോദ്യംചെയ്തത് .

മനോനില തെറ്റിയ ജോസ് തിങ്കളാഴ്ച രാവിലെ എട്ട് മണിയോട് കൂടി നഗ്നനായി റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ പുറകെ ഓടി പിടികൂടുകയായിരുന്നു. പിടിയിലായ ജോസിനെ നാട്ടുകാര്‍ സമീപത്തെ മരത്തില്‍ കെട്ടിയിട്ട് പോലീസ് മുറയില്‍ ചോദ്യംചെയ്യുകയായിരുന്നു. തിരിച്ചറിഞ്ഞ ചില നാട്ടുകാര്‍ ഇയാള്‍ രോഗിയാണെന്നു പറഞ്ഞിട്ടും ഒരു വിഭാഗം ജനങ്ങള്‍ ഇത് ചെവിക്കൊണ്ടിരുന്നില്ല.

കളിയിക്കാവിളയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചത് നീ തന്നെയല്ലേ എന്ന് ചോദിച്ചായിരുന്നു ജനക്കൂട്ടത്തിന്റെ പോലീസ് മോഡല്‍ ചോദ്യംചെയ്യല്‍. പ്രദേശത്ത് നടന്ന മോഷണങ്ങള്‍ എല്ലാം ജോസിന്റെ പുറത്ത് ജനക്കൂട്ടം ആരോപിക്കുകയായിരുന്നു.

മാല മോഷണം നടത്തിയതും ജോസ് ആല്ലേ എന്ന് ജനക്കൂട്ടം ചോദിച്ചു. അസഭ്യം പറയുകയും ചെയ്തു. ജോസിന്റെ ഇരുകൈകളും പുറകിലായി കെട്ടിവച്ചായിരുന്നു ചോദ്യംചെയ്യല്‍. തുടര്‍ന്ന് ജനക്കൂട്ടം മോഷ്ടാവിനെ പിടികൂടിയതായി പോലീസിനെ അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊഴിയൂര്‍ പോലീസ് ജോസിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ജോസിന്റെ രക്ഷാകര്‍ത്താക്കള്‍ ചികിത്സാരേഖകളുമായി പോലീസ് സ്റ്റേഷനില്‍ എത്തി. പൊഴിയൂര്‍ പോലീസ് ജോസിനെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

പ്രദേശത്ത് കുറച്ചുനാളുകളായി നഗ്നമോഷ്ടാവിന്റെ ശല്ല്യം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ മോഷ്ടാവിനെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തിവരികയായിരുന്നു. ഈ സമയത്താണ് പകല്‍ നഗ്നനായിക്കണ്ട രോഗിയായ ജോസിനെ ജനകൂട്ടം പിടികൂടി വിചാരണ ചെയ്തത്. ജനക്കൂട്ടം ജോസിനെ വിചാരണചെയ്യുന്ന രംഗങ്ങള്‍ ചിത്രീകരിച്ച് മോഷ്ടാവെന്ന നിലയില്‍ സാമൂഹികമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.