തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബെംഗളൂരുവിൽ ഇയാൾ നടത്തിയിരുന്ന സമാന്തര എക്സ്ചേഞ്ചിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഐ.എസ്.ഐ.യാണ് ഇതിന് പിന്നിലെന്നാണ് സെൻട്രൽ ഐ.ബി.യുടെ റിപ്പോർട്ട്. രാജ്യത്ത് സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് എട്ടെണ്ണമല്ലെന്നും നോയിഡയിലും കശ്മീരിലും മാത്രം പത്തിലേറെ ഉണ്ടെന്നും സെൻട്രൽ ഐ.ബി. റിപ്പോർട്ട് ചെയ്തിരുന്നു.

ബെംഗളൂരുവിലെ സൈനിക കേന്ദ്രത്തിലേക്കും മിലിറ്ററി മൂവ്‌മെന്റ്‌ കൺട്രോൾ ഓഫീസിലേക്കും പ്രിൻസിപ്പൽ ഡിഫൻസ് കംപ്ട്രോളർ ഓഫീസിലേക്കും വിളിച്ചിട്ടുണ്ടെന്ന് ഇബ്രാഹിം മൊഴിനൽകിയിട്ടുണ്ട്. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴക്കോട്ടും തൃശ്ശൂരിലും പ്രവർത്തിച്ചിരുന്ന സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ഉത്തർപ്രദേശിൽ കണ്ടെത്തിയ എക്സ്ചേഞ്ചിലെ അതേ ഉപകരണങ്ങളാണ് ഇവിടങ്ങളിൽനിന്ന് പിടിച്ചെടുത്തത്. ഇബ്രാഹിമിന് ഐ.എസ്. സംഘടനയുമായി ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായിരുന്ന ഇബ്രാഹിം 2007-ൽ കോട്ടക്കൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയുമാണ്. സമാന്തര എക്സ്ചേഞ്ചുകളുമായി ബന്ധപ്പെട്ട് കേരള, കർണാടക പോലീസ്, റോ, മിലിറ്ററി ഇന്റലിജൻസ്, സെൻട്രൽ ഐ.ബി., എൻ.ഐ.എ. തുടങ്ങിയ ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്.

പ്രതിരോധ മന്ത്രാലയത്തിൽനിന്നാണെന്ന് സൂചിപ്പിച്ചാണ് സൈനിക കേന്ദ്രങ്ങളിലെ ഉന്നത ഓഫീസർമാരെ വിളിച്ചിരുന്നത്. പേരും റാങ്കും സൂചിപ്പിക്കും. ആശയവിനിമയം ഹിന്ദിയിലും ഇംഗ്ലീഷിലുമാണ്. ഓഫീസർമാരെ നേരിട്ട് ബന്ധപ്പെടാനുള്ള എക്‌സ്റ്റൻഷൻ നമ്പറുകളിലും വിളിച്ചിട്ടുണ്ട്. ഇന്ത്യയിൽ സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് ഉപയോഗപ്പെടുത്തി സൈനിക കേന്ദ്രങ്ങളിലേക്ക് വിളിയെത്തുന്നുവെന്ന വിവരം ആദ്യം കണ്ടത്തിയത് കശ്മീരിലെ മിലിറ്ററി ഇന്റലിജൻസ് യൂണിറ്റാണ്. കിഴക്കൻ ഇന്ത്യയിലെ ഒരു പട്ടാള ക്യാമ്പിലേക്ക് വന്ന അജ്ഞാത ഫോൺവിളി ബെംഗളൂരുവിൽ നിന്നാണെന്ന് കണ്ടെത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിലിറ്ററി ഇന്റലിജൻസ് ദക്ഷിണേന്ത്യൻ യൂണിറ്റാണ് ഇബ്രാഹിമിനെ അറസ്റ്റ് െചയ്തത്.