പാനൂര്‍: പാനൂരിനടുത്ത് മൊകേരി വള്ളങ്ങാട്ട് ബി.ജെ.പി. പ്രവര്‍ത്തകന് വെട്ടേറ്റു.

ബോംബേറില്‍ ബൈക്ക് യാത്രികരായ മൂന്നു ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അക്രമം. ഞായറാഴ്ച രാത്രി വള്ളങ്ങാട്ട് നടന്ന അക്രമത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്ക് പരിക്കേറ്റിരുന്നു.

മൊകേരി നടമ്മല്‍ കമലദളത്തില്‍ താഴെപീടികയില്‍ ശ്യാംജിത്തി(23)നാണ് വെട്ടേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. അമ്മാവനെ ഡോക്ടറെ കാണിക്കാന്‍ വള്ളങ്ങാട്ടെത്തിയതായിരുന്നു. ഇരുകൈകള്‍ക്കുമാണ് പരിക്ക്. സമീപത്തെ ശ്രീകൃഷ്ണക്ഷേത്രപരിസരത്തേക്ക് ഓടിരക്ഷപ്പെട്ട യുവാവിനെ പോലീസെത്തിയാണ് തലശ്ശേരി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്കു മാറ്റി.

ഒന്നരയോടെ മൊകേരിയില്‍ സുരന്റെ പീടികയ്ക്കടുത്താണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ക്കുനേരേ ബോംബേറുണ്ടായത്. ബൈക്ക് യാത്രികരായ മൊകേരി താഴെപീടികയില്‍ വിനോദന്‍, കുളങ്ങരേത്ത് സുബീഷ്, മൂര്യന്റവിട പ്രജേഷ് എന്നിവര്‍ക്കാണ് പരിക്ക്. മൂന്നുപേരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്​പത്രിയിയില്‍ പ്രവേശിപ്പിച്ചു. പ്രജേഷ് സഞ്ചരിച്ചിരുന്ന ബൈക്കിന് ബോംബേറില്‍ തകരാര്‍പറ്റി.

ഞായറാഴ്ച രാത്രി 11-നാണ് വള്ളങ്ങാട്ട് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കുനേരേ അക്രമമുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച അക്രമം നടന്നത്. ഡി.വൈ.എഫ്.ഐ. പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയും സി.പി.എം. പാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ പാലത്തായിയിലെ എം.പി.ബൈജു (34), സി.പി.എം. വള്ളങ്ങാട് ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. മൊകേരി മേഖലാ സെക്രട്ടറിയുമായ പി.വിജേഷ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരി സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

പിണറായിയില്‍ പാര്‍ട്ടിപരിപാടിയില്‍ പങ്കെടുത്തു തിരിച്ചുവരികയായിരുന്ന ഇരുവരെയും വെട്ടിക്കൊല്ലാനായിരുന്നു ശ്രമമെന്നും ആര്‍.എസ്.എസ്. ആണ് അക്രമത്തിനു പിന്നിലെന്നും സി.പി.എം. ആരോപിച്ചു. ഇരുവരെയും ആക്രമിച്ച സംഭവത്തില്‍ എട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ പേരില്‍ വധശ്രമത്തിന് പാനൂര്‍ പോലീസ് കേസെടുത്തു.