കണ്ണൂർ: നിങ്ങൾ എന്തുകൊണ്ട് കോവിഡ് വാക്സിനെടുക്കുന്നില്ല? എന്താണ് തടസ്സം? ഒന്നാം ഡോസ് വാക്സിൻ എടുക്കാത്തവരോട് തദ്ദേശസ്ഥാപനങ്ങൾ കാരണംതേടുന്നു. ആദ്യ ഡോസ് 80 ശതമാനത്തിനുമുകളിൽ ഉയരാത്ത സാഹചര്യത്തിലാണ് ചില തദ്ദേശസ്ഥാപനങ്ങൾ വിശദീകരണം തേടുന്നത്. കണ്ണൂർ ജില്ലയിൽ എട്ടിലധികം ഗ്രാമപ്പഞ്ചായത്തുകളാണ്‌ ഇങ്ങനെ കത്ത് വാങ്ങുന്നത്‌. പലതവണ ബോധവത്കരിച്ചിട്ടും ചിലർ വാക്സിനോട് പുറംതിരിഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

കോവിഡ് ബാധിച്ച് 90 ദിവസം തികയാത്തവരും മറ്റു രോഗമുള്ളവരുമാണ് നിലവിൽ പല തദ്ദേശസ്ഥാപനങ്ങളിലും ഒഴിഞ്ഞിട്ടുള്ളത്. എന്നാൽ ബോധപൂർവം വിമുഖത കാട്ടുന്നവർ ഇവരുടെ എണ്ണത്തെക്കാൾ കൂടുതലാണ്. സെപ്റ്റംബർ 17 വരെയുള്ള കണക്കുപ്രകാരം ജില്ലയിൽ 12 തദ്ദേശസ്ഥാപനങ്ങൾ ഒന്നാംഡോസ് 80 ശതമാനത്തിലേക്ക് എത്തിയിട്ടില്ല. എന്തുകൊണ്ടാണ് വാക്സിൻ എടുക്കാത്തതെന്ന് വിശദീകരണപത്രം ശേഖരിക്കാൻ തുടങ്ങിയതായി വേങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഗീത പറഞ്ഞു. വാക്സിനെടുക്കാത്തവർ എഴുതിത്തരണമെന്ന നിർദേശമാണ് അഴീക്കോട് പഞ്ചായത്ത് നൽകിയിട്ടുള്ളത്. പഞ്ചായത്ത് വാക്സിൻ നൽകിയില്ലെന്ന ആക്ഷേപം പിന്നീട് ഉണ്ടാകാതിരിക്കാനാണ് ഇതെന്ന് പ്രസിഡന്റ് കെ.അജീഷ് പറഞ്ഞു. എടുക്കാത്തവരുടെ കാരണങ്ങൾ എന്തെന്നറിയാൻ സർവേ നടത്തുന്നുണ്ടെന്ന് മൊകേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ പറഞ്ഞു.

പലതവണ ആവശ്യപ്പെട്ടിട്ടും വാക്സിനെടുക്കാത്തവരോട് ’നോൺ വില്ലിങ്’ കത്ത് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടതായി മയ്യിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്‌ന പറഞ്ഞു. ഒരു ക്യാമ്പ് കൂടി നടത്തിയശേഷവും വാക്സിനെടുക്കാത്തവരിൽനിന്ന് കാരണം എഴുതിവാങ്ങുമെന്ന് കുന്നോത്തുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ലത പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ചെയ്യുമെന്ന് നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ പറഞ്ഞു.

വാക്സിൻ എടുക്കണം- ഡോ. ഋഷി ഗോപാലകൃഷ്ണൻ

കണ്ണൂർ ജില്ലാ കോവിഡ് നോഡൽ ഓഫീസർ

സ്കൂൾ തുറക്കുന്ന അവസരത്തിൽ വാക്സിനേഷന് വളരെയധികം പ്രാധാന്യമുണ്ട്. കുട്ടികളിൽ രോഗം വരുന്നുണ്ടെങ്കിലും ഗുരുതരമാകാറില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ രോഗവാഹകരാകാനുള്ള ശേഷി കുട്ടികളിലുണ്ട്. അതിനാൽ രക്ഷിതാക്കൾ, സ്കൂൾ അധ്യാപകർ തുടങ്ങി എല്ലാവരും നിർബന്ധമായി വാക്സിനെടുക്കണം.