സീതത്തോട്: ജലനിരപ്പ് പൂർണശേഷിയിലെത്തിയതിനെ തുടർന്ന് ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ ഡാം ഞായറാഴ്ച തുറന്നുവിട്ടു. ഡാമിന്റെ ആറ് ഷട്ടറുകൾ അറുപത് സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 82 ക്യുബിക് മീറ്റർ അധികജലമാണ് പുറത്തേക്കുവിടുന്നത്. ഡാമിലെ ജലനിരപ്പ് നിയന്ത്രണവിധേയമാകുംവരെ ഇത് തുടരും.

പ്രദേശത്ത് മഴ ശക്തമാകുകയും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയും ചെയ്താൽ അടുത്ത ഘട്ടത്തിൽ കൂടിയ അളവിൽ വെള്ളം തുറന്നുവിടേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. പമ്പാ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതും ഡാമിൽനിന്ന് കക്കി അണക്കെട്ടിലേക്കുള്ള ഭൂഗർഭതുരങ്കത്തിലൂടെയുള്ള ഒഴുക്ക് കുറഞ്ഞതും കണക്കിലെടുത്താണ് ഞായറാഴ്ച രണ്ടുമണിയോടെ ഡാം തുറന്നത്.

ഇതോടെ ഞായറാഴ്ച വൈകി പമ്പാനദിയിൽ 30-40 സെന്റിമീറ്റർ ജലനിരപ്പ് ഉയർന്നു. ഡാമിൽനിന്ന് തുറന്നുവിടുന്ന വെള്ളം പമ്പാ ത്രിവേണിയിലാണ് പമ്പാനദിയിൽ ചേരുന്നത്. അവിടംമുതൽ നദിയിലെ ജലനിരപ്പ് ഉയരുകയും ചെയ്തു. ആദ്യം രണ്ട് ഷട്ടറുകൾ മാത്രമാണ് തുറന്നത്. അതേസമയം ഇപ്പോൾ വെള്ളം തുറന്നുവിട്ടതിലൂടെ ജനവാസകേന്ദ്രങ്ങളിൽ വെള്ളപ്പൊക്കഭീഷണിക്കിടയാക്കില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

986.332 മീറ്റർ പരമാവധി സംഭരണശേഷിയുള്ള പമ്പാ ഡാമിൽ 983.5 മീറ്ററാണ്‌ ഇപ്പോഴത്തെ ജലനിരപ്പ്. 983.5 എന്ന നിലയിൽ ജലനിരപ്പ് സ്ഥിരമായി നിലനിർത്താനായി അധികജലമത്രയും തുറന്നുവിട്ടുകൊണ്ടേയിരിക്കും. അതേസമയം കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് പമ്പയുടെ വൃഷ്ടിപ്രദേശത്ത് മഴയുടെ അളവിൽ വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം 91 മില്ലിമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. എന്നാൽ തൊട്ടുതലേദിവസം ഇത് 207 മില്ലിമീറ്ററായിരുന്നു.

ശബരിഗിരി പദ്ധതിയിൽ മൊത്തമായി 57 ശതമാനമാണ് ഞായറാഴ്ച രേഖപ്പെടുത്തിയിട്ടുള്ള ജലനിരപ്പ്. പ്രധാന സംഭരണിയായ കക്കിയിൽ 967.237 മീറ്റർ വെള്ളമാണ്‌ ഇപ്പോഴുള്ളത്. 981.456 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. പ്രദേശത്ത് മഴ കുറഞ്ഞതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ശബരിഗിരി പദ്ധതിയിലേക്കുള്ള നീരൊഴുക്കിൽ വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം 35.402 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിനുള്ള വെള്ളം പദ്ധതി സംഭരണിയിലേക്ക് ഒഴുകിയെത്തിയപ്പോൾ തൊട്ടുതലേദിവസം ഇത് 69.567 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള വെള്ളം ലഭിച്ചിരുന്നു. കക്കി മേഖലയിൽ ശനിയാഴ്ച ലഭിച്ചത് 125 മില്ലിമീറ്റർ മഴയാണ്. വെള്ളിയാഴ്ച ഇത് 195 മില്ലിമീറ്ററായിരുന്നു.

മൂഴിയാർ ഡാമിന്റെ ഒരു ഷട്ടറും മണിയാർ ഡാമിന്റെ മൂന്നു ഷട്ടറുകളും ഇപ്പോഴും തുറന്നുെവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കക്കാട്ടാറിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതിനാൽ രണ്ട് ഡാമുകളിൽനിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്.