പാലക്കാട്: പി.കെ. ശശി എം.എൽ.എ.ക്കെതിരേ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗമായ യുവതി പാർട്ടിക്ക് നല്കിയ പരാതിയിൽ പാർട്ടി അന്വേഷണം അവസാനഘട്ടത്തിലേക്ക്. സി.പി.എം. സംസ്ഥാന നേതൃത്വം നിയോഗിച്ച കമ്മിഷനംഗം പി.കെ. ശ്രീമതി പെൺകുട്ടിയുടെ മൊഴിയെടുത്തു.

അമേരിക്കയിൽനിന്ന് ചികിത്സകഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതോടെ റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നാണ് സൂചന. ശശിക്കെതിരേ യുവതി നല്കിയ പരാതി പാർട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്ന് കമ്മിഷൻ അംഗം മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയിരുന്നു.

എ.കെ. ബാലൻ ഏതാനും ദിവസങ്ങളായി പാലക്കാട് ജില്ലയിൽ തന്നെയുണ്ട്. ദുരിതാശ്വാസനിധി സംഭരണവുമായി ബന്ധപ്പെട്ട പരിപാടികളിലാണ് മന്ത്രി പങ്കെടുക്കുന്നത്. ഇതിനിടെ പാർട്ടി ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനുമായി ചർച്ചയും നടത്തി.

പരാതിപ്പെട്ട യുവതിക്കെതിരേ മണ്ണാർക്കാട് മേഖലയിൽ അപവാദപ്രചാരണം നടന്നതായി പരാതി ഉയർന്നിരുന്നു. ഇക്കാര്യം പ്രവർത്തകർ കമ്മിഷൻ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി.

ആരോപണം ഉയർന്നശേഷം ചെർപ്പുളശ്ശേരിയിൽ ശശിക്ക് സ്വീകരണം നല്കുംമട്ടിൽ സംഘടിപ്പിച്ച ചടങ്ങിനെതിരേ പാർട്ടിക്കകത്തു വിമർശനമുയർന്നിരുന്നു. ഇതിനുശേഷം എം.എൽ.എ.യെന്ന നിലയ്ക്ക് പൊതുചടങ്ങുകളിലും പാർട്ടി ചടങ്ങുകളിലും ശശി പങ്കെടുത്തിട്ടില്ല. പാർട്ടി നേതൃത്വത്തിന്റെ നിർദേശത്തെതുടർന്നായിരുന്നു ഇത്.