പൂമുഖത്തെ ചാരുപടിയിലിരുന്ന് വള്ളുവനാടന്‍ മലയാളത്തില്‍ അവര്പറഞ്ഞ കഥകളും അനുഭവങ്ങളും തലമുറകള്‍ക്ക് കാത്തുവെക്കാന് മാത്രമുണ്ടായിരുന്നു. കേരളമെന്ന് കേള്‍ക്കുമ്പോഴേ എനിക്ക് വലിയ സന്തോഷമുണ്ടാകുന്നെന്ന് അവര്‍ പറഞ്ഞു. മലയാളത്തിന്റെ തനിമയാണെന്റെ ശക്തിയെന്നും. നാട്ടിലെ കുളവും സന്ധ്യാനാമജപവുമൊക്കെ അവരുടെ പ്രജ്ഞയില്‍ ആത്മീയതയുടെ മായാമുദ്രകളായിരുന്നു.
ആഗോളതാപനത്തെക്കുറിച്ച് ആശങ്കപ്പെട്ട അവരുടെ മനസ്സില്‍ നാട്ടിലെ പ്രകൃതി ഭാവനയുടെ വറ്റാത്ത പച്ചപ്പുകള്‍ നട്ടുനനച്ചുവളര്‍ത്തി.
മുത്തശ്ശിയും അമ്മയുമുള്‍പ്പെടെ ശക്തമായ മാതൃബിംബങ്ങളാണ് മൃണാളിനിയുടെ സ്ത്രീസങ്കല്പത്തെ രൂപപ്പെടുത്തിയത്. മകള്‍ മല്ലികയിലേക്കും അവരത് പകര്ന്നുനല്കി. പൊതുപ്രവര്‍ത്തനത്തിലും കലയിലും സമൂഹസേവനത്തിലും ഉന്നതമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചവരുടെ പരമ്പരയിലാണ് മൃണാളിനി ജനിച്ചത്. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലെ തിളങ്ങുന്ന നാമമായിരുന്നു ആനക്കര വടക്കത്ത് കുട്ടിമാളുവമ്മ. ഖാദി പ്രചാരകയും സ്വദേശി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയുമായിരുന്നു. മാതൃഭൂമി ഡയറക്ടറായിരുന്ന അവര്‍ എ.ഐ.സി.സി. അംഗവും കെ.പി.സി.സി. പ്രസിഡന്റുമായിരുന്നു. നിസ്സഹകരണപ്രസ്ഥാനത്തെ മുന്നില്‍നിന്ന് നയിച്ച ആ വനിത കൈക്കുഞ്ഞിനെയുംകൊണ്ട് കാരാഗൃഹത്തിലേക്കുപോയത് സമരചരിത്രത്തിലെ ഉള്‍പ്പുളകമേകുന്ന ഏടാണ്. ദിണ്ടിക്കല്‍ എം.പി.യായിരുന്ന അമ്മു സ്വാമിനാഥന്റെ മകളായ മൃണാളിനി നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ഐ.എന്‍.എ. പോരാളിയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സഹോദരിയുമാണ്. മൃണാളിനിയുടെ അമ്മയുടെ സഹോദരപുത്രിയായ ജി. സുശീലയും ദേശീയപ്രസ്ഥാനത്തിലെ സവിശേഷവ്യക്തിത്വമായിരുന്നു.
ഈ മാതൃകകളെല്ലാം മൃണാളിനിയുടെ ഉദാത്തമായ സ്ത്രീസങ്കല്പങ്ങളെ ദൃഢപ്പെടുത്തിയിട്ടുണ്ട്.