പാലക്കാട്: റേഷൻ വാതിൽപ്പടി വിതരണ പദ്ധതിയിൽ ധാന്യങ്ങളുടെ അളവ് വ്യാപാരിയെ ബോധ്യപ്പെടുത്താനായി കടയിൽ തൂക്കി ഇറക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കത്തിലേ തിരിച്ചടി. ഗതാഗതക്കരാർ നിരക്ക് 30 ശതമാനം വർധിപ്പിക്കണമെന്ന ആവശ്യമാണ് നടപടി നീളാനിടയാക്കിയത്.

ധാന്യത്തിന്റെ തൂക്കം വ്യാപാരിയെ ബോധ്യപ്പെടുത്താൻ നടപടി വേണമെന്ന് ഹൈക്കോടതി ജൂലായ് മൂന്നിന് പൊതുവിതരണ വകുപ്പിനോട് നിർദേശിച്ചിരുന്നു. ആക്ഷേപമുണ്ടെങ്കിൽ വ്യാപാരിക്ക് പരാതിപ്പെടാമെന്നും വ്യക്തമാക്കി. ഇതോടെയാണ് എൻ.എഫ്.എസ്.എ. സംഭരണശാലകളിൽനിന്ന് റേഷൻ കടകളിലെത്തിക്കുന്ന ധാന്യം തൂക്കി വ്യാപാരിക്ക് നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി പൊതുവിതരണ വകുപ്പ് ദർഘാസ് ക്ഷണിച്ചത്.

പ്രളയം രൂക്ഷമായിരുന്ന കൊച്ചി, കണയന്നൂർ, നോർത്ത് പറവൂർ, ആലുവ, മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകൾ ഒഴിവാക്കിയായിരുന്നു പുതിയ കരാറിന് നീക്കം. താലൂക്ക് അടിസ്ഥാനത്തിൽ കരാറിന് ഒട്ടേറെപ്പേർ എത്തിയിരുന്നു.

നിരക്കുവർധന അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം റേഷൻ സാധനങ്ങളുടെ ഗതാഗതച്ചെലവിനത്തിൽ പൊതുവിതരണ വകുപ്പ് മുടക്കിയത് 34.31 കോടി രൂപയാണ്. പുതിയ കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും തീരുമാനമാകുന്ന മുറയ്ക്ക് മാത്രമേ ധാന്യം കടകളിൽ തൂക്കി നൽകുന്നതിന് നടപടിയാകൂ എന്നുമാണ് പൊതുവിതരണ വകുപ്പ് അധികൃതരുടെ നിലപാട്.

നിരക്ക് 88 രൂപവരെ

ഇന്ധനച്ചെലവിലെ വർധനയ്ക്ക്‌ പുറമേ ടി.ഡി.എസ്. രണ്ട് ശതമാനമാക്കി ഉയർത്തിയതും പരിഗണിച്ച് കിലോമീറ്ററിന് 88 രൂപവരെയാണ് പരിഗണനയിലുള്ളത്. നിലവിലെ കരാർ പ്രകാരം കിലോമീറ്ററിന് 57 രൂപ വരെയാണ് നല്കുന്നത്. കയറ്റിറക്ക് നിരക്കിൽ സമീപകാലത്ത് വരാനിടയുള്ള വർധന കൂടി കണക്കാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

നവംബറിലെ വിതരണം പഴയപടി

നവംബറിലെ വാതിൽപ്പടി വിതരണം നിലവിലുള്ള രീതിയിൽതന്നെ നടത്തും. കടയിൽ ധാന്യം തൂക്കി ഇറക്കില്ല. ഓഗസ്റ്റിൽ വിതരണകരാർ കാലാവധി കഴിഞ്ഞെങ്കിലും നിലവിലുള്ളവർക്ക് മൂന്ന് മാസത്തേക്കു കൂടി നീട്ടി നൽകിയിട്ടുണ്ട്.

- പൊതുവിതരണ വകുപ്പ് അധികൃതർ.