പാലക്കാട്: പാലക്കാട് മെഡിക്കല്‍കോളേജിലെ വഴിവിട്ട നിയമനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിലേക്കും മുന്‍മന്ത്രി എ.പി. അനില്‍കുമാറിലേക്കും നീങ്ങുന്നു. ഇവിടെ അധ്യാപകതസ്തികകളിലേക്കും മറ്റുതസ്തികകളിലേക്കും നിയമനം നടത്തിയത് സംബന്ധിച്ച് അന്വേഷിച്ച വിജിലന്‍സ് പ്രത്യേകസംഘത്തിന്റെ റിപ്പോര്‍ട്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
കോളേജില്‍ നിയമനം നടത്തുന്നതിന് 29.02.2016ല്‍ ഇറക്കിയ ജി.ഒ. 25/2016/എസ്.സി.ഡി.ഡി. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിന്റെ ഉദ്ദേശ്യംതന്നെ സംശയാസ്​പദമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിയമനങ്ങളെക്കുറിച്ച് പട്ടികജാതിവകുപ്പിന്റെ വിദഗ്ധസമിതിയും ധനവകുപ്പും ഓഡിറ്റ് വിഭാഗവും ചൂണ്ടിക്കാണിച്ച എതിര്‍പ്പുകള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലക്കാട് വിജിലന്‍സ് യൂണിറ്റ് മെഡിക്കല്‍കോളേജില്‍ നടത്തിയ ത്വരിതപരിശോധനയുടെ അടിസ്ഥാനത്തിലെടുത്ത കേസിലേക്ക് ഇക്കാര്യങ്ങളും ഉള്‍പ്പെടുത്തി അന്വേഷിക്കാന്‍ ഉത്തരവിടണമെന്നാണ് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പട്ടികജാതി വികസനവകുപ്പ് നിയമിച്ച പരിശോധനാവിഭാഗം നിയമനത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.
റിപ്പോര്‍ട്ടുപ്രകാരം ക്രമക്കേടുകള്‍ പഠിക്കുന്നതിനായി വിദഗ്ധസംഘത്തെയും നിയോഗിച്ചു. 2016 ജനുവരി ഏഴിന് വിദഗ്ധസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടുപ്രകാരം നിയമനങ്ങളൊന്നുംതന്നെ നിശ്ചിതയോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്നും കണ്ടെത്തിയതാണ്. ഇക്കാരണത്താല്‍ അനുമതിനല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇത് മറികടന്നുകൊണ്ടാണ് നിയമന ഉത്തരവിറക്കാന്‍ അന്നത്തെ മന്ത്രി എ.പി. അനില്‍കുമാര്‍ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം മുന്നോട്ടുവെച്ചത്. ക്രമക്കേടുകളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിട്ടും അത് പരിഗണിക്കാതെയാണ് കാബിനറ്റിന്റെ അനുമതി ലഭിച്ചത്.
വിദഗ്ധകമ്മിറ്റിയെ മറികടക്കാന്‍വേണ്ടി നിയമനക്രമക്കേടില്‍ സംശയിക്കുന്ന മെഡിക്കല്‍കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഉള്‍പ്പെട്ട മറ്റൊരുകമ്മിറ്റിയെ നിയോഗിച്ചതും ക്രമക്കേടിന്റെ തെളിവായി വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.
ഉന്നതര്‍ക്കെതിരായ കേസുകളില്‍ നടപടിയുണ്ടാകുന്നില്ലെന്ന കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കേസില്‍ ശക്തമായ നീക്കത്തിനാണ് വിജിലന്‍സിന്റെ ശ്രമം. കോടതിയില്‍നിന്ന് ഇതിനുള്ള അനുമതി ലഭിക്കാനായി കാത്തിരിക്കുകയാണ് വിജിലന്‍സ്.