പാലക്കാട്: സംസ്ഥാനത്തെ വനിതാ ജയിലുകളില്‍ കുട്ടികള്‍ക്കായി ബാലവിഹാര കേന്ദ്രങ്ങള്‍ വരുന്നു. ജയിലുകള്‍ ആധുനികീകരിക്കുന്നതിനായി സാമൂഹികനീതി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണിത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ വനിതാ ജയിലുകളിലാണ് കേന്ദ്രങ്ങള്‍ തുടങ്ങുക. തുടര്‍ന്ന് വിയ്യൂര്‍ ജയിലിലും ആരംഭിക്കും. 14.5 കോടി രൂപയിലാണ് പദ്ധതി നടപ്പാക്കുന്നത്. തടവുകാരുടെ കുട്ടികളെ പരിപാലിക്കാനും അവര്‍ക്ക് കളിക്കാനും സൗകര്യമുള്ള ബാലവിഹാരകേന്ദ്രങ്ങളാണ് ഏര്‍പ്പെടുത്തുക. ഇവിടെ ആയമാരെ നിയമിക്കും. വയോജനങ്ങളായ വനിതാ തടവുകാര്‍ക്ക് ക്രെച്ചസും ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.

കോട്ടയം ജില്ലാ ജയില്‍, മീനച്ചില്‍, വിയ്യൂര്‍, പീരുമേട് സബ്ജയിലുകള്‍, നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ എന്നിവിടങ്ങളില്‍ അടുക്കളകള്‍ നവീകരിക്കും. തടവുകാര്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് കൊണ്ടുപോകാന്‍ വിവിധ ജയിലുകളില്‍ വാഹനസൗകര്യം ഒരുക്കും.

കൂത്തുപറമ്പ് ജയില്‍ കെട്ടിടം, മാനസികവെല്ലുവിളി നേരിടുന്നതവരെ പുനരധിവസിപ്പിക്കാന്‍ തിരുവനന്തപുരം, വിയ്യൂര്‍ എന്നിവിടങ്ങളില്‍ ആശുപത്രികള്‍ എന്നിവ സജ്ജീകരിക്കും. എല്ലാ ജയിലുകളിലും ഇ-ഫയല്‍ മാനേജ്‌മെന്റ് സംവിധാനം-െഎ.എ.പി.എസ്. (ഇന്റേണല്‍ അഡ്മിനിസ്‌ട്രേറ്റീവ് പ്രൊസസിങ് സിസ്റ്റം ) ഏര്‍പ്പെടുത്തും.

കുട്ടികള്‍ക്ക് ശരിയായ പരിപാലനം

അച്ഛനമ്മമാര്‍ ചെയ്ത തെറ്റിനാണ് കുട്ടികള്‍ക്കും ജയിലില്‍ കഴിയേണ്ടിവരുന്നത്. അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ശരിയായ പരിപാലനം നല്‍കുകയെന്നതാണ് ബാലവിഹാരകേന്ദ്രങ്ങളുടെ ലക്ഷ്യം. -സാമൂഹിക നീതി വകുപ്പ് അധികൃതര്‍